'ഹിന്ദുമതത്തിൽ പ്രണയദിനത്തെക്കുറിച്ച് പരാമർശമില്ല, ഇത് കാൻസറിനേക്കാൾ അപകടകരം';കമിതാക്കളെ ഓടിച്ച് വിവിധ സംഘടനകൾ

'പുൽവാമയിൽ രക്തസാക്ഷിത്വം വരിച്ച സൈനികരെ അനുസ്മരിക്കൂ'

dot image

പട്ന: പ്രണയദിനത്തിൽ പാർക്കിലെത്തിയ കമിതാക്കളെ ഓടിച്ചുവിട്ട് ഹിന്ദു ശിവ് ഭവാനി സേവ പ്രവർത്തകർ.
ബിഹാറിന്റെ തലസ്ഥാന നഗരമായ പട്‌നയിലെ വിവിധ പാർക്കുകളിലാണ് സംഭവം. വടികളുമായി ഒരു കൂട്ടം പുരുഷന്മാർ പാർക്കിലെത്തുകയും വാലന്റൈൻസ് ദിനം ആഘോഷിക്കരുതെന്ന് പറഞ്ഞ് ആക്രമണം നടത്തുകയുമായിരുന്നു. ഇത്തരം അശ്ലീലത പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ലെന്നും അവർ പറയുന്നുണ്ട്.

'വാലന്റൈൻസ് ദിനം പാശ്ചാത്യ സംസ്കാരത്തിന്റെ സമ്മാനമാണ്. ഒരു സാഹചര്യത്തിലും ഇത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ പ്രണയത്തിന് എതിരല്ല. എന്നാൽ പ്രണയത്തിന്റെ പേരിൽ അശ്ലീലം പ്രചരിപ്പിക്കുന്നതിന് എതിരാണ്. ഹിന്ദുമതത്തിൽ ഇതേക്കുറിച്ച് പരാമർശമില്ല. ഇത് കാൻസറിനേക്കാൾ അപകടകരമാണ്. പുൽവാമയിൽ രക്തസാക്ഷിത്വം വരിച്ച സൈനികരെ അനുസ്മരിച്ച് ഈ ദിവസം കരിദിനമായി ആഘോഷിക്കുന്നു', എന്നായിരുന്നു അവരുടെ പ്രതികരണം.

ഉത്തർപ്രദേശിലെ മൊറാദാബാദിലും സമാന സംഭവമുണ്ടായി. ബജ്‌റംഗ് ദളിന്റേയും ഭാരതീയ സൂഫി ഫൗണ്ടേഷന്റേയും പ്രവർത്തകരാണ് വാലന്റൈൻസ് ദിനം ആചരിക്കുന്നവർക്കെതിരെ രംഗത്തെത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണിതെന്നും അതിന് ഇന്ത്യയിൽ ഒരു സ്ഥാനവും നൽകില്ലെന്നും ഇരുസംഘടനകളും വ്യക്തമാക്കി.12 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ മുഴുവനും ബജ്‌റംഗ് ദൾ പ്രവർത്തകർ പരിശോധന നടത്തി. തൊട്ടടുത്ത ജില്ലകളിലായി 20 ടീമുകളേയും അവർ വിന്യസിച്ചു. വാലന്റൈൻസ് ദിനം കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നായിരുന്നു ഭാരതീയ സൂഫി ഫൗണ്ടേഷൻ അംഗങ്ങളുടെ പ്രതികരണം.

Content Highlights: Hindu Shiv Bhavani Seva says to Couples On Valentine's Day to Remember Pulwama Heroes

dot image
To advertise here,contact us
dot image