![search icon](https://www.reporterlive.com/assets/images/icons/search.png)
ജല്ഡന: മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിര്‍മലിനെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാസൂരിനടുത്തുള്ള ഫാമില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ഔഹാംബാദ് ഡിവിഷനിലെ ജല്‍ന നിവാസിയായിരുന്നു മോണിക്ക. ഇവരെ ഫെബ്രുവരി ആറ് മുതല്‍ കാണാനില്ലായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ മോണിക്ക ജല്‍നയില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മോണിക്ക തിരികെ എത്താത്തതിനെ തുടര്‍ന്ന് അമ്മ കാഡിം, ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോണിക്ക, ശൈഖിനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഫെബ്രുവരി ആറിന് മോണിക്ക ലാസൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നതായും വ്യക്തമായി. ഇവിടെവെച്ച് ശൈഖുമായി യുവതി കൂടിക്കാഴ്ച നടത്തിയതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ശൈഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ ലാസൂരിനടുത്ത ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി ശൈഖ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലാസൂരിനടുത്തുള്ള ഫാമിലെത്തി പരിശോധന നടത്തി. ഇതിനിടെ കുഴിച്ചിട്ട നിലയില്‍ മോണിക്കയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മോണിക്കയുടെ വസ്ത്രങ്ങളുടെ കത്തിയ ഭാഗങ്ങളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. മോണിക്കയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചതാകാം എന്നാണ് പൊലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് ശൈഖിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights- 30 years old nurse found dead in Maharashtra