
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത ജംഗമ വസ്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറി. ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി നിർദേശത്തെ തുടർന്നാണ് കർണാടക ട്രഷറിയിൽ സൂക്ഷിച്ച ലോഹങ്ങളിൽ തീർത്ത വസ്തുക്കൾ കൈമാറിയത്. വാൾ, വാച്ച്, കിരീടം, പേന, പാത്രം, ലോക്കറ്റ് എന്നിവയടങ്ങുന്ന 27 കിലോഗ്രാം സ്വർണമാണ് കൈമാറ്റത്തിലൂടെ തമിഴ്‌നാട് സർക്കാരിന്റെ ട്രഷറിയിൽ എത്തിയത്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി ജയലളിത വാങ്ങിക്കൂട്ടിയ 1526 ഏക്കർ ഭൂമിയുടെ ആധാരവും രേഖകളും തമിഴ്‌നാട് സർക്കാർ കർണാടകയിൽ നിന്നേറ്റുവാങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതികൾ ജയിൽ ശിക്ഷ പൂർത്തിയാക്കുകയും പിഴ ഒടുക്കുകയും ചെയ്തതോടെ കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കൈമാറ്റം നടന്നത്.
1996-ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ 2006ൽ ബെംഗളൂരുവിലേക്ക് മാറ്റിയതോടെയായിരുന്നു ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ കർണാടകയിലേക്ക് മാറ്റിയത്. തൊണ്ടിമുതൽ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിച്ചിരുന്നു.
പ്രതികളിൽ നിന്ന് പിടിച്ചെടുക്കുന്ന തൊണ്ടിമുതലിൽ അനന്തരാവകാശം സ്ഥാപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. ഇതേതുടർന്ന് അവർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
Content Highlights: Jayalalitha's Golden Waist Belt, Jewellery Returned To TN Govt