'രോഗിയെന്ന് അഭിനയിച്ച് അമ്മയുടെ ക്ലിനിക്കിൽ ചിലർ നുഴഞ്ഞുകയറി; ഭയം തോന്നുന്നു'; പോസ്റ്റുമായി രൺവീർ അല്ലാബാദിയ

ഭീഷണികളുടെ പേരിൽ ഒളിച്ചോടാനില്ലെന്നും രൺവീർ പ്രതികരിച്ചു

dot image

ന്യൂഡൽഹി: കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയെന്ന ആരോപണങ്ങൾക്കിടെ മൗനം വെടിഞ്ഞ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ യൂട്യൂബർ രൺവീർ അല്ലാബാദിയ. താൻ ഒളിച്ചോടിയിട്ടില്ലെന്നും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നുമാണ് രൺവീറിന്റെ പ്രതികരണം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രൺവീറിന്റെ പ്രതികരണം

ഷോയിൽ പങ്കെടുത്ത മത്സരാർത്ഥിയുടെ മാതാപിതാക്കളെ കുറിച്ച് താൻ നടത്തിയ പരാമർശം തെറ്റാണെന്ന് അം​ഗീകരിക്കുന്നുവെന്ന് രൺവീർ പറയുന്നു. വരും നാളുകളിൽ തെറ്റ് തിരുത്തി മികച്ച രീതിയിൽ മുന്നോട്ടുപോവുകയെന്നത് തന്റെ ധാർമിക ഉത്തരവാദിത്തമാണ്. സംഭവിച്ചുപോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും രൺവീർ പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ നിരവധി വധഭീഷണികൾ ഉൾപ്പെടെ വരുന്നുണ്ട്. രോ​ഗിയെന്ന് അഭിനയിച്ച് അമ്മയുടെ ക്ലിനിക്കിൽ പലരും നുഴഞ്ഞുകയറിയിരുന്നു. ഭയം തോന്നുന്നുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും രൺവീർ കൂട്ടിച്ചേർത്തു. ഭീഷണികളുടെ പേരിൽ ഒളിച്ചോടാനില്ല. രാജ്യത്തെ പൊലീസിനേയും നിയമസംവിധാനത്തേയും വിശ്വാസമുണ്ടെന്നും രൺവീർ പറഞ്ഞു.

യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ രൺവീറിനെതിരെ മഹാരാഷ്ട്ര പൊലീസും അസം പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസുകൾ ഏകീകരിക്കണെന്ന് ആവശ്യപ്പെട്ട് രൺവീർ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ രൺവീറിനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അസം പൊലീസ് രൺവീറിനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈലും സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പ്രമുഖ യൂട്യൂബ് ഷോ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്ലാബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഡിസ്റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

Content Highlight: Ranveer Allahbadia say he is facing death threats, don't want to elope

dot image
To advertise here,contact us
dot image