
അമൃത്‌സർ: അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരിലെ രണ്ട് പേരെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് പൊലീസ്. ബന്ധുക്കളായ സന്ദീപ്, പ്രദീപ് എന്നിവരെയാണ് പട്യാല പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലാക്കപ്പെട്ട യുവാക്കൾ.
കൊലപാതകക്കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന ഇവർ 2023ലാണ് അമേരിക്കയിലേക്ക് കടക്കുന്നത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തിക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ യുവാക്കളുമുണ്ടെന്ന് വിവരം ലഭിച്ചതോടെ രാജ്പുര പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർക്കെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിൻ്റെ നീക്കം.
കഴിഞ്ഞ ദിവസം രാത്രി 11.35നാണ് 116 പേരടങ്ങുന്ന അമേരിക്കയുടെ സി-17 വിമാനം ഇന്ത്യയിലെത്തുന്നത്. ഇത്തവണയും വിലങ്ങണിയിച്ചായിരുന്നു അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്. സ്ത്രീകളേയും കുട്ടികളേയും വിലങ്ങ് അണിയിച്ചിരുന്നില്ല. പഞ്ചാബ്-66, ഹരിയാന-33, ഗുജറാത്ത്-8, ഉത്തര്‍പ്രദേശ്-2, ഗോവ-2, മഹാരാഷ്ട്ര-2, രാജസ്ഥാന്‍-2 എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും ഓരോ ആളുകള്‍ വീതവും അമൃത്‌സറിലെത്തിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യഘട്ട യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലാണ് എത്തിയത്. അന്നും അനധികൃത കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചായിരുന്നു കൊണ്ടുവന്നത്.
Content Highlight: Punjab police arrested two men after being deported from US