
ന്യൂഡൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് മുംബൈ പൊലീസ്. ചോദ്യം ചെയ്യുന്നതിനായി വിധികർത്താക്കളിൽ ഒരാളായ സമയ് റെയ്‌നയ്ക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഓൺലൈൻ വഴി മൊഴി എടുക്കണമെന്നുമാണ് സമയ് റെയ്‌നയുടെ ആവശ്യം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നാളെ തന്നെ മൊഴി നൽകാൻ നേരിട്ട് എത്തണമെന്നും സമയ് റെയ്‌നയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടു.
നിലവിൽ അമേരിക്കയിലാണ് സമയ് റെയ്‌നയുളളത്. മാർച്ച് എട്ടാം തീയതി വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് സമയ് റെയ്‌നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഈ കാര്യം അംഗീകരിച്ചിട്ടില്ല. ഷോയിൽ വിധികർത്താക്കളായി ഉണ്ടായിരുന്ന രണ്‍വീർ അല്ലാബാദിയ, അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിംഗ് എന്നിവര്‍ക്കെതിരെയുള്ള പരാതിയിലും അന്വേഷണം തുടരുകയാണ്.
അതേ സമയം, സമയ് റെയ്‌നയും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപൂർവ മുഖിജയും ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരാകും. പോഡ്‌കാസ്റ്റർ രൺവീർ അല്ലാബാഡിയ നടത്തിയ പരാമർത്തിൽ അതിഥി നടത്തിയ അനുചിതമായ തമാശകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. ജസ്പ്രീത് സിംഗ്, യൂട്യൂബർ ആശിഷ് ചഞ്ച്‌ലാനി എന്നിവർക്കും ഹാജരാകാൻ നിർദേശമുണ്ട്. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന ഷോയുടെ നിർമ്മാതാക്കളായ തുഷാർ പൂജാരി, സൗരഭ് ബോത്ര എന്നിവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര പൊലീസ് ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ സമൻസ് പുറപ്പെടുവിച്ചത്. രൺവീർ അല്ലാബാഡിയ ഇതുവരെ സമൻസിന് മറുപടി നൽകിയിട്ടില്ല. വിവാദ പരാമർശത്തിന് ഒന്നിലധികം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രമുഖ യൂട്യൂബ് ഷോ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം.
സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഡിസ്റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
Content Highlights: Mumbai Police has tightened its stance on the remarks made during the YouTube show India's Got Latent