സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രസംഗം, പിന്നാലെ അധ്യാപകനില്‍ നിന്ന് പീഡനം; അതിജീവനത്തിന്റെ പാതയില്‍ 15കാരി

പ്രയാസങ്ങൾ ഏറെയുണ്ടെങ്കിലും ധീരതയോടെ ഈ മാസം വരുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് പെൺകുട്ടി. പൊലീസാകണമെന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് തനിക്കാവശ്യമെന്ന് കുട്ടി വ്യക്തമാക്കി.

dot image

അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും പ്രസം​ഗിച്ച് കയ്യടി നേടിയ വിദ്യാർത്ഥിനിയെ ക്രൂരപീഡനത്തിന് ഇരയാക്കി അധ്യാപകൻ. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ മറികടന്ന് ഈ മാസം നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പൊലീസാകണമെന്നതാണ് തന്റെ ആ​ഗ്രഹമെന്നും അതിനായി പ്രയത്നിക്കാനാണ് തീരുമാനമെന്നും കുട്ടി പറയുന്നു.

റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ബേഠി ബച്ചാഓ ബേഠി പഠാഓ എന്ന പ്രസം​ഗത്തിന് സ്കൂളിൽ വലിയ കയ്യടിയായിരുന്നു വിദ്യാർത്ഥിനി നേടിയത്. തന്റെ പ്രസം​ഗത്തിൽ പെൺകുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചുമായിരുന്നു കുട്ടി സംസാരിച്ചത്. ഇതിന് 11 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി ഏഴിനായിരുന്നു സ്കൂളിലെ അധ്യാപകൻ തന്നെ കുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുന്നത്. തൻ്റെ പിറന്നാളാണെന്നും ആഘോഷങ്ങൾക്കായി ഹോട്ടലിലേക്ക് വരണമെന്നും പറഞ്ഞായിരുന്നു അധ്യാപകൻ കുട്ടിയെ വിളിച്ചുവരുത്തിയത്. പിന്നാലെ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണിയും പ്രതി മുഴക്കിയിരുന്നു.

സംഭവത്തിന് ശേഷം പിതാവിന്റെ സഹോദരിക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ്. അതിഥികളുടെ കടന്നുവരവ് കുട്ടിയുടെ പഠനത്തെ ബാധിക്കരുത് എന്നതിനാലാണ് ബന്ധുവിന്റെ വീട്ടിൽ താമസമാക്കിയതെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി. കർഷക കുടുംബത്തിനാലാണ് തങ്ങളെന്നതിനാൽ കുട്ടികൾക്ക് പഠനം ഉറപ്പാക്കണമെന്നത് കുടുംബത്തിൽ നിർബന്ധമാണെന്നും പഠനത്തിന്റെ പ്രാധാന്യം തങ്ങൾക്കറിയാമെന്നും ബന്ധുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'എനിക്ക് പൊലീസാകാനാണ് ആ​ഗ്രഹം. മാത്സും സയൻസുമാണ് ഇഷ്ട വിഷയങ്ങൾ. നന്നായി പഠിക്കണം, പാസാകണം. സ്വപ്നത്തിനൊപ്പം മുന്നോട്ട് പോകണം. മറ്റ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനില്ല', കുട്ടി പറഞ്ഞു. സ്കൂളിലെ മികച്ച വിദ്യാർത്ഥികളിലൊരാളാണ് കുട്ടിയെന്നും ധീരതയോടെ ഈ സാഹചര്യങ്ങളെ നേരിടുന്ന വിദ്യാർത്ഥിനിയിൽ അഭിമാനമുണ്ടെന്നും സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞു. 27നാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

Content Highlight: Days after ‘beti bachao’ R-Day speech at school, girl raped by teacher in Gujarat's Sabarkantha

dot image
To advertise here,contact us
dot image