
ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എഐഡി) ഗുഡ് വിൽ അംബൈസഡർ സ്ഥാനം വഹിച്ച ബിജെപി നേതാവ് സ്മൃതി ഇറാനിക്കെതിരെ പരീഹാസവുമായി കോൺഗ്രസ്. സ്മൃതി ഇറാനിയുടെ മുൻകാല പ്രവർത്തിപരിചയങ്ങളെ സംബന്ധിച്ച് സർക്കാർ രേഖയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയുടെ വിമർശനം.
'സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം, സ്മൃതി ഇറാനിയുടെ ബയോയിൽ, രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിന് മുന്നേ, യുഎസ്എഐഡിയിൽ ഇന്ത്യയുടെ ഗുഡ് വിൽ അംബാസഡറായി പ്രവർത്തനം അനുഷ്ഠിച്ചതായി കാണുന്നു. ജോർജ് സോറോസിന്റെ ശരിയായ ഏജന്റുകൾ ബിജെപിയുടെ രാഷ്ട്രീയക്കാരാണെന്നതാണോ ഇത് സൂചിപ്പിക്കുന്നത്', ചിത്രം പങ്കുവെച്ച് കൊണ്ട് പ്രിയങ്ക് ഖാർഗെ കുറിച്ചു.
ജോർജ് സോറോസും അദ്ദേഹത്തിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമെതിരെ നിരവധി സർക്കാരുകൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. നേരത്തേ സോണിയ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിക്കെതിരായ കോൺഗ്രസിന്റെ വിമർശനം.
പ്രിയങ്ക ഖാർഗെയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേരയും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ ചോദ്യത്തിനുള്ള ഉത്തരം അവസാനം കണ്ടെത്തിയിരിക്കുന്നുവെന്നായിരുന്നു പവൻ ഖേരയുടെ കുറിപ്പ്. ജോർജ് സോറോസിന്റെ യഥാർത്ഥ ഏജന്റ് സ്മൃതി ഇറാനിയാണെന്നും പവൻ ഖേര കുറിച്ചു.
അതേസമയം ആരോപണങ്ങളെ തള്ളി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സ്മൃതി ഇറാനി 2002-2005 കാലഘട്ടത്തിലാണ് ഗുഡ് വിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുള്ളതെന്നും 2004-2005 കാലത്ത് കോൺഗ്രസായിരുന്നു രാജ്യം ഭരിച്ചിരുന്നതെന്നും ബിജെപി പറഞ്ഞു.
Content Highlight: Smrithi Irani the real george soros agent says congress, BJP clarifies