മുഡ ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീന്‍ ചിറ്റ്

മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ലെന്നും സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

dot image

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യക്കും കുടുംബത്തിനും പങ്കില്ലെന്ന് കോടതിയില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ല. സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിയിടപാടില്‍ ക്രമക്കേട് കാണിച്ചത് മുഡ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പുമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചെന്നും പാര്‍വതിയെ സമീപിച്ചത് ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ട്. 142 മുഡ സൈറ്റുകള്‍ ഇ ഡി ജപ്തി ചെയ്തിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യയുടെ 14 പ്ലോട്ടുകളും ഇതില്‍പ്പെടും.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ കേസിലെ ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്കിയത്. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പാര്‍വതിക്ക് അവരുടെ സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.

Content Highlights: Lokayukta give clean chit Siddaramaiah and his wife in Muda case

dot image
To advertise here,contact us
dot image