
പട്ന: തൃശൂർ ചാലക്കുടിയിൽ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയ്ക്ക് സമാനമായി ബിഹാറിലും കവർച്ച. വൈശാലി ജില്ലയിലെ ഹാജിപുർ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. മാസ്ക് ധരിച്ച് ചെറിയ കൈത്തോക്കുമായി വന്ന് രണ്ട് കൗമാരക്കാരാണ് കവർച്ച നടത്തിയത്. വെറും 90 സെക്കൻഡിനുളളിൽ 1.5 ലക്ഷം കവർന്ന ശേഷം സംഘം ബാങ്ക് ജീവനക്കാരേയും ഉപഭോക്താക്കളേയും പൂട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിൽ മോഷണം നടത്തുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊളളക്കാരിൽ ഒരാൾ ബാങ്കിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുളള ഉപഭോക്താക്കളെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം രണ്ടാമൻ പണം കവരുകയായിരുന്നു.
'17-18 വയസ് തോന്നിക്കുന്ന രണ്ട് കവർച്ചക്കാർ ആയുധങ്ങളുമായി ബാങ്കിൽ കയറി. അവർ ബാങ്കിൽ നിന്ന് 1.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും പൂട്ടിയിട്ട ശേഷം കൊള്ളക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു', മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ സുരഭി സുമൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ 15 ലക്ഷം രൂപ റിജോ ആന്റണി എന്നയാൾ കവർന്നത്. സംഭവത്തിൽ പ്രതി റിജോ ആന്റണിയെ 37 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു. ഫെഡറൽ ബാങ്കിൽ നട്ടുച്ചയ്ക്ക് എത്തിയ റിജോ കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ വാഷ്റൂമിൽ പൂട്ടിയിട്ടുമാണ് പണം കവർന്നത്. രണ്ടര മണിക്കൂർ എടുത്തായിരുന്നു റിജോയുടെ മോഷണം.
ആഡംബരം ജീവിതം നയിക്കുന്ന റിജോ ആന്റണി കടം വീട്ടാനാണ് മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. 40 ലക്ഷത്തിലധികമായിരുന്നു റിജോയുടെ കടം. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാൾക്ക് കടം വീട്ടാനായി ഉപയോഗിച്ചു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ഭാര്യ കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുകയാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
Bihar ke #Hajipur me PNB bank ke CSP se 1.5 lakh ki loot nakabposh hathiyaarband looteron ne kiya hai, jiske baad sansani phail gayi. Loot ki ghatna ka poora video saamne aaya hai.#LocalTak #breakingnews #bihar #viral #police #robbery pic.twitter.com/3JFU236bSH
— LocalTak™ (@localtak) February 19, 2025
രണ്ടാം ശ്രമത്തിലാണ് റിജോ ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയിൽ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമർത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാൽ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിൻ്റെ കണ്ണവെട്ടിക്കാൻ തുണയായെങ്കിലും ഷൂസിൻ്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്.
റിജോയെ പിടികൂടുന്നതിന് മുമ്പ് ആയിരത്തോളം ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. പ്രതി സഞ്ചരിച്ചിരുന്നത് ടിവിഎസ് എൻഡോർഗിലായതിനാൽ തൃശൂർ ജില്ലയിൽ എൻഡോർഗുളളവരുടെയൊക്കെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ടീ ഷർട്ട് ധരിച്ച ഒരാളുടെ ദൃശ്യം സിസിടിവികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 37 മണിക്കൂറിനുശേഷം മോഷ്ടാവ് പിടിയിലാവുകയായിരുന്നു.
Content Highlights: Thrissur Potta Model Bank Robbery Happened in Bihar Stolen 1.5 Lakh by Two Persons