
ന്യൂഡൽഹി: കുംഭമേള നടക്കുന്ന പ്രദേശത്തെ വെള്ളത്തിൽ വിസർജ്യ ബാക്ടീരിയ കണ്ടെത്തിയെന്ന വാദം തള്ളിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി. പ്രയാഗ് രാജിലെ നദിയിൽ നിന്ന് ഒരു കവിൾ വെള്ളം കുടിക്കാൻ യോഗിക്ക് ധൈര്യമുണ്ടോ എന്നാണ് വിശാലിന്റെ പ്രതികരണം.
'വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, സർ. ഞങ്ങൾ താങ്കളെ വിശ്വസിക്കുന്നു. ധൈര്യമായി താങ്കൾ മുന്നോട്ട് പോവുക, ക്യാമറയെ സാക്ഷി നിർത്തി നദിയിൽ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കൂ…’, എന്നായിരുന്നു വിശാൽ ദദ്‌ലാനി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് ആവശ്യപ്പെട്ടത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ നദിയിലെ ജലത്തിൽ മനുഷ്യ-മൃഗ വിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അമിത സാന്നിധ്യമുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് തെറ്റാണെന്നും ഈ ജലം കുളിക്കാൻ മാത്രമല്ല കുടിക്കാനും സാധിക്കുമെന്നും യോഗി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശാലിന്റെ പ്രതികരണം.
ഗംഗ നദിയടക്കമുള്ള ത്രിവേണി സംഗമത്തിലെ ജലത്തിൽ മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് ഉയർന്ന നിലയിലാണെന്ന് യുപി മലിനീകരണ നിയന്ത്രണബോർഡ് കണ്ടെത്തിയിരുന്നു. അനുവദനീയമായ കോളിഫോം ബാക്ടീരിയയിൽ നിന്ന് 2000 ശതമാനം വരെ അധികമാണ് കുംഭമേള നടക്കുന്ന പ്രദേശത്തെ ജലത്തിൽ നിന്ന് കണ്ടെത്തിയ ബാക്ടീരിയയുടെ അളവ് എന്നാണ് പരിശോധന റിപ്പോർട്ട്. 100 മില്ലി ലിറ്റർ വെള്ളത്തിൽ പരമാവധി 2500 എംപിഎൻ ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാൽ, കുംഭമേള നടക്കുന്ന ജനുവരി 20ന് ഇത് 49,000 ആയിരുന്നു. ഫെബ്രുവരി 4ന് അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. ഇവിടെയാണ് കുംഭമേളക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തർ പുണ്യസ്നാനം നടത്തുന്നത്.
റിപ്പോർട്ട് പൂർണമായി തള്ളിയായിരുന്നു യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഗംഗയിലെയും യമുനയിലെയും വിശുദ്ധസ്നാനത്തിന് അനുയോജ്യമാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നും ആരോപിച്ചു. ഈ മേള ഏതെങ്കിലും പാർട്ടിയോ സർക്കാരോ സംഘടിപ്പിച്ചതല്ല. ഇത് സമൂഹത്തിൻ്റേതാണ്. മൃഗങ്ങളുടെ അവശിഷ്ടം, മലിനജലം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ബാക്ടീരിയ വർധിക്കും. എന്നാല്‍ പ്രയാഗ്‌രാജിലെ ഫീക്കൽ കോളിഫോമിൻ്റെ അളവ് 100 മില്ലിയിൽ 2,500 എംപിഎന്നിൽ താഴെയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. ജലത്തിൻ്റെ ഗുണനിലവാരം നിലനിർത്താൻ തുടർച്ചയായി യുപി മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷിച്ചുവരികയാണെന്നും യോഗി പറഞ്ഞിരുന്നു.
Content Highlight: Vishal Dadlani slams Yogi Adityanath, asks him to drink water from river where faecal coliform was found