
ന്യൂഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ (ലേഡി ഡോൺ) അറസ്റ്റിൽ. 270 ഗ്രാം ഹെറോയിൻ കൈവശം വെച്ചു എന്ന കേസിലാണ് അറസ്റ്റ്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ട്. സോയ വളരെക്കാലമായി പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.
ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തിയാണ് സോയ ഖാനെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സോയയുടെ ഭർത്താവായ ഹാഷിം ബാബയ്‌ക്കെതിരെ കൊലപാതകം, കൊള്ളയടിക്കൽ കേസുകൾ ഉണ്ട്. ഹാഷിം ബാബ ജയിലിലായതിന് ശേഷം ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയയാണ് ഏറ്റെടുത്തു നടത്തിയിരുന്നത്. കൊള്ളയടിക്കൽ, മയക്കുമരുന്ന് വിതരണം എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നതായി പൊലീസിന് വിവരമുണ്ടായിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സോയ ഖാൻ സമൂഹമാധ്യമങ്ങളിലും വളരെ സജീവമായിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന ഭർത്താവിനെ സോയ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. സംഘത്തിന്റെ സാമ്പത്തികവും പ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഹാഷിം ബാബ കോഡ് ഭാഷയിൽ പരിശീലനം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. നാദിർ ഷാ വധക്കേസിൽ ഉൾപ്പെട്ട വെടിവെപ്പുകാർക്ക് സോയ അഭയം നൽകിയതായും പൊലീസ് സംശയമുണ്ട്. ജിം ഉടമയായ നാദിർ ഷാ 2024 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിക്കുന്നത്.
കഴിഞ്ഞ വർഷം നാദിർ ഷാ വധക്കേസിൽ ബാബയുടെ പേര് ഉയർന്നുവന്നിരുന്നു. തിഹാർ ജയിലിൽ ആയിരിക്കുമ്പോൾ, കൊലപാതകത്തിൽ തന്റെ പങ്ക് അയാൾ സമ്മതിക്കുകയും ചെയിതിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Delhi's 'Lady Don' arrested