
ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആറ് വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ വർഷം ഡിസംബറിലാണ് വിരമിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്ന മോദി ശക്തികാന്ത ദാസിനെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയതിന് പിന്നിലും ഇതേ കാരണം തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ കാലാവധി കഴിയുന്നതുവരെ, അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അദ്ദേഹത്തിന്റെ നിയമനം തുടരും.
സാമ്പത്തിക നയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ശക്തികാന്ത ദാസ് പ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. നോട്ട് നിരോധന നയത്തിലുൾപ്പെടെ സർക്കാരിനൊപ്പം പങ്കാളിയായിട്ടുണ്ട്. ആർബിഐ ഗവർണർ എന്ന നിലയിൽ, ശക്തികാന്ത ദാസ് സാമ്പത്തിക സ്ഥിരതയിലും സാമ്പത്തിക വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ പണലഭ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ അദ്ദേഹം അവതരിപ്പിക്കുകയും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിൽ പ്രവർത്തിക്കുകയും ചെയ്തു.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ജി-20, ബ്രിക്സ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991-ൽ 22 ബില്യൺ യുഎസ് ഡോളറിന്റെ ഐഎംഎഫ് ബെയ്‌ൽഔട്ട് പാക്കേജിനായുള്ള ചർച്ചകളിൽ അദ്ദേഹം പങ്കാളിയായിരുന്നു.
1957-ൽ ഒഡീഷയിൽ ജനിച്ച ശക്തികാന്ത ദാസ്, ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രം പഠിക്കുകയും പിന്നീട് ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 1980-ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന അദ്ദേഹം തമിഴ്‌നാട് കേഡറിലേക്ക് നിയമിതനായി. അവിടെ വാണിജ്യ നികുതി കമ്മീഷണർ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. പിന്നീട് കേന്ദ്ര സർക്കാരിൽ ജോയിന്റ് സെക്രട്ടറിയായി ധനകാര്യ മന്ത്രാലയത്തിൽ ചേർന്നു.
Content Highlights: Why PM appointed ex-RBI Governor Shaktikanta Das as Principal Secretary