മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഡൽഹിയിൽ എൽഡിഎഫിൻ്റെ രാപ്പകൽ സമരം, ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്

രാവിലെ കേരളാ ഹൗസില്‍ നിന്ന് പ്രകടനമായി നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങും

dot image

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് എല്‍ഡിഎഫ്. ഡല്‍ഹിയില്‍ ഇന്ന് രാപ്പകല്‍ സമരം സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.

സിപിഐഎം നേതാവ് സി കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സമര സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ കേരളാ ഹൗസില്‍ നിന്ന് പ്രകടനമായി നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങും. പ്രകടനം പൊലീസ് തടയുകയാണെങ്കില്‍ തടയുന്ന സ്ഥലത്ത് കുത്തിയിരുന്ന് സമരം തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. നാനൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ നൂറോളം പേര്‍ ഇനിയും കാണാമറയത്താണ്. നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ദുരന്തത്തില്‍ അതിജീവിച്ചവര്‍ ഇനിയും ജീവിതം എത്തിപ്പിടിച്ചിട്ടില്ല. ദുരന്തത്തിന്റെ ആഴം വലുതെങ്കിലും കേരളത്തോടും വയനാടിനോടും മുഖം കറുപ്പിക്കുന്ന സമീപനമാണ് കേന്ദ്രം തുടക്കം മുതല്‍ സ്വീകരിച്ചത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് വിലയിരുത്തിയതാണെന്ന് ഓര്‍ക്കണം. 2,000 കോടി രൂപയുടെ പാക്കേജാണ് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ആവശ്യപ്പെടുന്നത്. ബജറ്റില്‍ ആ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതിന് കേന്ദ്രം തയ്യാറായില്ല.

ഒടുവില്‍ സര്‍ക്കാരിന്റെ തുടരെയുള്ള ആവശ്യം പരിഗണിച്ച് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചു. 16 പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിര്‍മാണം, സ്‌കൂള്‍ നവീകരണം, റോഡ് നിര്‍മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവയ്ക്ക് പണം ചിലവഴിക്കാം. ടൗണ്‍ഷിപ്പിനായും പണം വിനിയോഗിക്കാം. മാര്‍ച്ച് 31 നകം തുക വിനിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. നിബന്ധനയ്‌ക്കെതിരെ കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയും കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. പുനരധിവാസ പദ്ധതി മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ചോദിച്ചത്. കേരളത്തോട് പിന്തിരിപ്പന്‍ സമീപനം സ്വീകരിക്കുമ്പോഴും കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടില്ല. ഇതിനിടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് എല്‍ഡിഎഫ് കടക്കുന്നത്.

Content Highlights- LDF will protest agains central govt over mundakai-chooralmala rehabitation

dot image
To advertise here,contact us
dot image