'കഴുകന്മാർക്ക് മൃതദേഹങ്ങൾ, പന്നികൾക്ക് മാലിന്യം'; മഹാകുംഭമേളയെ വിമർശിച്ചവർക്ക് മറുപടിയുമായി യോ​ഗി ആദിത്യനാഥ്

കുംഭമേള നടക്കുന്ന പ്രയാ​ഗ് രാജിലെ നദിയിൽ വിസർജ്യ ബാക്ടീരിയ കണ്ടെത്തിയതായി യുപി മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു

dot image

ന്യൂഡൽഹി: മഹാകുംഭമേള അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചടങ്ങിനെ വിമർശിച്ചവർക്ക് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ജനങ്ങൾക്ക് തങ്ങൾ തിരഞ്ഞുനടന്നവയെ കണ്ടെത്താൻ സാധിച്ച ഒരിടമായിരുന്നു മഹാകുഭമേള എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"കഴുകന്മാർക്ക് മൃതശരീരങ്ങൾ ലഭിച്ചു, പന്നികൾക്ക് മാലിന്യം ലഭിച്ചു, സാധാരണക്കാരായ മനുഷ്യർക്ക് ബന്ധങ്ങളെ കുറിച്ച് ഏറ്റവും ഭം​ഗിയുള്ള ചിത്രം ലഭിച്ചു, വ്യാപാരികൾക്ക് കച്ചവടം ലഭിച്ചു, വിശ്വാസികൾക്ക് വൃത്തിയുള്ള ക്രമീകരണങ്ങൾ ലഭിച്ചു", യോ​ഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരണപ്പെട്ട സംഭവത്തിന് പിന്നാലെ പ്രതിപക്ഷം കുംഭമേളയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"ഒരു പ്രത്യേക ജാതിയിൽപ്പെട്ടവർ കുംഭമേളയിൽ പങ്കെടുക്കുന്നത് തടഞ്ഞുവെന്ന് അവിടെ പോകുന്നത് തടഞ്ഞുവെന്ന് പ്രതിപക്ഷം പറഞ്ഞു. ഒരു ജാതിയെയും തടഞ്ഞിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെ ബഹുമാനത്തോടെ ആർക്കും കുംഭമേളയിൽ പങ്കെടുക്കാം. എന്നാൽ ദുരുദ്ദേശ്യത്തോടെ ആരെങ്കിലും അവിടെ പോയാൽ, മേളയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ, തീർച്ചയായും അവർ അതിന് അനുഭവിക്കേണ്ടിവരും," യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. നിങ്ങളെപ്പോലെ ഞങ്ങൾ വിശ്വാസവുമായി കളിച്ചിട്ടില്ല. നിങ്ങളുടെ കാലത്ത്, മുഖ്യമന്ത്രിക്ക് പരിപാടി കാണാനും അവലോകനം ചെയ്യാനും സമയമില്ലായിരുന്നു, അതുകൊണ്ടാണ് അദ്ദേഹം സനാതനി അല്ലാത്ത ഒരാളെ കുംഭമേളയുടെ ചുമതലക്കാരനായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ ഇവിടെ താൻ തന്നെ കുംഭമേള അവലോകനം ചെയ്യുകയായിരുന്നുവെന്നും ഇപ്പോഴും അത് ചെയ്യുകയാണെന്നും യോ​ഗി പറഞ്ഞു. 2013ൽ കുംഭമേളയ്ക്ക് പോയവർക്കെല്ലാം നിരവധി പ്രശ്നങ്ങളും അഴിമതിയും മലിനീകരണവും കാണാൻ കഴിഞ്ഞത് ഇക്കാരണത്താലാണ്. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണിയിൽ കുളിക്കാൻ യോഗ്യമായ വെള്ളം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേളയിൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയപ്പെടുകയാണെന്നായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് ജയ ബച്ചന്റെ ആരോപണം.

അതേസമയം കുംഭമേള നടക്കുന്ന പ്രയാ​ഗ് രാജിലെ നദിയിൽ വിസർജ്യ ബാക്ടീരിയ കണ്ടെത്തിയതായി യുപി മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് ഉയർന്ന നിലയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു.

Content Highlight: "Pigs, Vultures": Yogi Adityanath Targets Critics Of Maha Kumbh

dot image
To advertise here,contact us
dot image