
ഹൈദരാബാദ്: തെലങ്കാനയിലെ നാകർകുർനൂൽ ജില്ലയിൽ തുരങ്കത്തിനുളളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത കുറവെന്ന് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു. തൊഴിലാളികൾക്കായുളള രക്ഷാദൗത്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് റാറ്റ് മൈനേഴ്സ് ടീമും എത്തിയിട്ടുണ്ട്. തുരങ്കത്തിന് അകത്ത് ചളിയും അവശിഷ്ടങ്ങളും ഉളളതിനാൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ മൂന്നോ നാലോ ദിവസങ്ങൾ എടുക്കുമെന്നും ജുപ്പള്ളി കൃഷ്ണ റാവു പറഞ്ഞു.
'തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അതിജീവനം അസാധ്യമാണ്. ഞാൻ തുരങ്കത്തിലൂടെ 50 മീറ്ററോളം നടന്നു. ഉൾഭാഗത്ത് നിറയെ ചളിയാണ്. കുടുങ്ങികിടക്കുന്നവരുടെ പേരുകൾ ഞങ്ങൾ ഉറക്കെ വിളിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല, അതുകൊണ്ട് തന്നെ ജീവനോടെയിരിക്കാനുളള സാധ്യതയില്ല', ജുപ്പള്ളി കൃഷ്ണ റാവു പറഞ്ഞു.
തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. എന്നാൽ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 40 മീറ്റര്‍ കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.
നാഗര്‍കൂര്‍നൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിര്‍മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) ടണലിന്റെ ഒരു ഭാഗമാണ് ശനിയാഴ്ച രാവിലെ 8.30 ഓടെ തകര്‍ന്നുവീണത്. രണ്ട് എന്‍ജിനീയര്‍ അടക്കം എട്ട് തൊഴിലാളികളായിരുന്നു കുടുങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മനോജ് കുമാര്‍ (പ്രൊജക്ട് എന്‍ജിനീയര്‍) ശ്രീനിവാസ് (ഫീല്‍ഡ് എന്‍ജിനീയര്‍), ജാര്‍ഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു(തൊഴിലാളി), ജതാക്‌സ് (തൊഴിലാളി), സന്തോഷ് സാഹു(തൊഴിലാളി), അനുജ് സാഹു (തൊഴിലാളി), ജമ്മു കശ്മീര്‍ സ്വദേശിയായ സണ്ണി സിങ് (തൊഴിലാളി), പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിങ് (തൊഴിലാളി) എന്നിവരാണ് കുടുങ്ങിയത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ നാല് ദിവസം മുന്‍പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.
2023 ൽ ജാർഖണ്ഡിലെ സിൽക്യാര ബെൻഡ് ബാർകോട്ട് തുരങ്കത്തിൽ സമാനമായ രീതിയിൽ തൊഴിലാളികൾ കുടുങ്ങി കിടന്നിരുന്നു. അന്നത്തെ രക്ഷാദൗത്യത്തിനും റാറ്റ് ഹോൾ മൈനേഴ്സ് ടീം ഉണ്ടായിരുന്നു. കുടുങ്ങിയ 41 തൊഴിലാളികളേയും ജീവനോടെ അന്ന് രക്ഷപ്പെടുത്തിയിരുന്നു. തുരങ്കത്തിലേക്ക് ഓക്സിജൻ കടത്തിവിട്ടും പൈപ്പിലൂടെ ഭക്ഷണവും വെളളവും എത്തിച്ചുകൊടുത്തുമായിരുന്നു തൊഴിലാളികളുടെ ജീവൻ നിലനിർത്തിയിരുന്നത്. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റർവരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിർമിക്കുന്നവരാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ്. എലികള്‍ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുര്‍ഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് ‘റാറ്റ് മൈനേഴ്സ് എന്ന് വിളിക്കപ്പെടുന്നത്.
VIDEO | Telangana tunnel collapse: Telangana Minister Jupally Krishna Rao (@jupallyk_rao) briefs media over over the ongoing rescue operation in Nagarkurnool.
— Press Trust of India (@PTI_News) February 23, 2025
A section of a tunnel collapsed in the Srisailam Left Bank Canal (SLBC) project on Saturday, trapping eight people.… pic.twitter.com/Sv94S4aBxX
Content Highlights: Telangana Tunnel Collapse no Chances of Survival of 8 Trapped Persons Says by Minister Jupally Krishna Rao