മദ്യനയം: ഡൽഹി സർക്കാരിന് നഷ്ടം 2002 കോടി; എക്‌സൈസിന്റെ നിബന്ധനകൾ പാലിച്ചില്ലെന്ന് സിഎജി റിപ്പോർട്ട്

റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അതിഷിയുള്‍പ്പെടെ 12 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

dot image

ന്യൂഡല്‍ഹി: മദ്യനയത്തിലൂടെ ഡല്‍ഹി സര്‍ക്കാരിന് 2002 കോടിയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. ഡല്‍ഹി നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് 2002.68 കോടിയുടെ നഷ്ടമുണ്ടായെന്ന് പറയുന്നത്. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അതിഷിയുള്‍പ്പെടെ 12 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.

നിരവധി ഉപവിഭാഗങ്ങളായാണ് നഷ്ടങ്ങളുടെ കണക്ക് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. സറണ്ടര്‍ ചെയ്യപ്പെട്ട ലൈസന്‍സുകള്‍ വീണ്ടും ടെന്‍ഡര്‍ ചെയ്തു നല്‍കാത്തത് കാരണം 890 കോടി രൂപ നഷ്ടവും സോണല്‍ ലൈസന്‍സുകള്‍ക്ക് അനുവദിച്ച ഇളവുകളില്‍ നടപടികള്‍ എടുക്കാത്തത് കാരണം 941 കോടി രൂപ നഷ്ടവും സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് 19ന്റെ പേരില്‍ ലൈസന്‍സികള്‍ക്ക് ഫീസ് ഒഴിവാക്കിയതിനാല്‍ 144 കോടി രൂപയും സോണല്‍ ലൈസന്‍സികളില്‍ നിന്നുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റുകളുടെ തെറ്റായ പിരിവ് കാരണം 27 കോടി രൂപയും നഷ്ടമായി. എക്‌സൈസിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിഗണിക്കാതെയാണ് എഎപി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് മദ്യനയക്കേസ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ്, അന്നത്തെ എക്‌സൈസ് മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ എന്നിവരെ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: CAG Report about Delhi Liquor policy submitted assembly today

dot image
To advertise here,contact us
dot image