
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഠിനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിലവിലെ അയോഗ്യതാ കാലയളവായ ആറ് വര്‍ഷം വരെ വിലക്ക് മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്രിമിനല്‍ കേസില്‍ പ്രതികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും എംഎല്‍എമാരുടെയും എംപിമാരുടെയും ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ അശിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. പൊതുപ്രവര്‍ത്തകരുടെ ആജീവനാന്ത അയോഗ്യത തീരുമാനിക്കേണ്ടത് നിയമ നിര്‍മ്മാണ സഭയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് കാലാവധി ആനുപാതികവും യുക്തിപരവുമാകണമെന്നും ആജീവനാന്ത വിലക്ക് അനാവശ്യമെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് വിശാലമായ പ്രത്യാഘാതങ്ങളുണ്ടെന്നും അവ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ നയത്തില്‍ വ്യക്തമായി ഉള്‍പ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിക്ക് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് റദ്ദാക്കാന്‍ മാത്രമേ കഴിയൂവെന്നും എന്നാല്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ട ആജീവനാന്ത വിലക്കില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു.
Content Highlights: Life Ban On Convicted Politicians are Harsh Centre To Supreme Court