
കൊല്‍ക്കത്ത: 27ാം സംസ്ഥാന സമ്മേളനത്തിന് 19ാം നൂറ്റാണ്ടിലെ ആത്മീയാചാര്യന്‍ രാമകൃഷ്ണ പരമഹംസരുടെ ചിത്രം ഉപയോഗിച്ചതില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. ഈ മാസം 22 മുതല്‍ 25 വരെ ഹൂഗ്ലി ജില്ലയിലെ ഡാങ്കുനിയില്‍ നടന്ന സമ്മേളനത്തില്‍ പരമഹംസരുടെ ചിത്രം ഉപയോഗിച്ചത് പ്രാദേശിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സലീം സമ്മേളന വേദിയില്‍ തന്നെ വിശദീകരണം നല്‍കിയത്.
സമ്മേളനത്തിന്റെ അവസാന നിമിഷമായിരുന്ന കഴിഞ്ഞ ദിവസം റാം മോഹന്‍ റോയ്, രാമകൃഷ്ണ പരമഹംസയുള്‍പ്പെടെയുള്ള മഹാന്മാരുടെ ചിത്രങ്ങള്‍ സമ്മേളനത്തില്‍ ഉപയോഗിച്ചതായി മുഹമ്മദ് സലീം പറഞ്ഞിരുന്നു. 'പല വിശ്വാസങ്ങളും പല പാതകളുമുണ്ടെന്നും രാമകൃഷ്ണ പരമഹംസ പറഞ്ഞിരുന്നു. ജനാധിപത്യത്തിന് ഇതിലും വലിയ വിശദീകരണം നല്‍കേണ്ടതില്ല. ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോഴാണ് അന്ന് രാമകൃഷ്ണ പരമഹംസര്‍ ഇത് പറയുന്നത്', മുഹമ്മദ് സലീം പറഞ്ഞു.
ബഹുസ്വരതകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പ്രാധാന്യം നല്‍കുന്ന സിപിഐഎം അത് എടുത്തുകാട്ടാനാണ് രാമകൃഷ്ണ പരമഹംസരുടെ ചിത്രം ഉപയോഗിച്ചതെന്നും സലീം വ്യക്തമാക്കി. നിരക്ഷരരായ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ടെന്നും സലീം പരിഹസിച്ചു.
നേരത്തെ ബംഗാളിലെ സിപിഐഎം ഇത്തരത്തിലുള്ള ഒരു ചിത്രങ്ങളും ഉപയോഗിച്ചിരുന്നില്ല. മതപരമായ കാര്യങ്ങളില്‍ നിന്നും പാര്‍ട്ടി വിട്ടുനിന്നിരുന്നു. 1977 മുതല്‍ 2011 വരെയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുര്‍ഗ പൂജയടക്കമുള്ള മതപരമായ ചടങ്ങളുകളില്‍ നിന്നും സിപിഐഎം വിട്ടുനിന്നിരുന്നു. ഇത്തരമൊരു സമീപനം തുടര്‍ന്ന് വന്നിരുന്ന സിപിഐഎം ഇത്തവണ പരമഹംസരുടെ ചിത്രം ഉപയോഗിച്ചതോടെ ചര്‍ച്ചയാവുകയായിരുന്നു.
അതേസമയം 67കാരനായ മുഹമ്മദ് സലിം രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. കൊല്‍ക്കത്ത ഖിദര്‍പ്പുര്‍ സ്വദേശിയാണ്. 2015 മുതല്‍ പാര്‍ട്ടി പി ബി അംഗമാണ്. ദീര്‍ഘകാലം ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 1990 മുതല്‍ രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. 2001-2004 കാലത്ത് ബംഗാള്‍ മന്ത്രിസഭയിലംഗമായിരുന്നു. 2004, 2014ലും ലോക്സഭയിലേക്ക് വിജയിച്ചു. 1998 മുതല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ്. 80 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ദാങ്കുണിയയില്‍ 23നാണ് സമ്മേളനം ആരംഭിച്ചത്.
Content Highlights: West Bengal CPIM Secretary Muhammad Salim explained photograph of Ramakrishna Paramhamsa