തെലങ്കാന തുരങ്ക അപകടം; ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു, രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണി

തുരങ്കത്തിൽ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതാണ് രക്ഷാപ്രവ‍ർത്തകരുടെയും കുടുങ്ങി കിടക്കുന്നവരുടെയും ജീവന് ഭീഷണിയാവുന്നത്

dot image

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേർക്കായുളള രക്ഷാപ്രവർത്തനത്തിനിറങ്ങിയ രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയിലെന്ന് ജലസേചന മന്ത്രി ഉത്തംകുമാ‍ർ റെഡ്ഡി. ഇതോടെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന എട്ട് പേരെയും രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങി. തുരങ്കത്തിൽ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതാണ് രക്ഷാപ്രവ‍ർത്തകരുടെയും കുടുങ്ങി കിടക്കുന്നവരുടെയും ജീവന് ഭീഷണിയാവുന്നത്.

തുരങ്കത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. തുരങ്കത്തിൽ ചളിയും വെളളവും കൂടുന്നുണ്ടെന്ന് തിങ്കളാഴ്ച രക്ഷാദൗത്യത്തിന് ഇറങ്ങിയവർ‌ പറഞ്ഞിരുന്നു. രക്ഷാപ്രവർത്തകരുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു പുതിയ തീരുമാനം. തുരങ്കത്തിലെ ചില ഭാ​ഗങ്ങൾ തകർന്നനിലയിലാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടകരമാണെന്ന് ഓസ്ട്രേലിയൻ ടണൽ എക്സപേർ‌ട്ടായ ക്രിസ് കൂപ്പറിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത കുറവാണെന്ന് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സും റാറ്റ് മൈനേഴ്സും ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.

നാഗര്‍കൂര്‍നൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിര്‍മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) ടണലിന്റെ ഒരു ഭാഗമാണ് ശനിയാഴ്ച രാവിലെ 8.30 ഓടെ തകര്‍ന്നുവീണത്. രണ്ട് എന്‍ജിനീയര്‍ അടക്കം എട്ട് തൊഴിലാളികളായിരുന്നു കുടുങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മനോജ് കുമാര്‍ (പ്രൊജക്ട് എന്‍ജിനീയര്‍) ശ്രീനിവാസ് (ഫീല്‍ഡ് എന്‍ജിനീയര്‍), ജാര്‍ഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു(തൊഴിലാളി), ജതാക്‌സ് (തൊഴിലാളി), സന്തോഷ് സാഹു(തൊഴിലാളി), അനുജ് സാഹു (തൊഴിലാളി), ജമ്മു കശ്മീര്‍ സ്വദേശിയായ സണ്ണി സിങ് (തൊഴിലാളി), പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിങ് (തൊഴിലാളി) എന്നിവരാണ് കുടുങ്ങിയത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ വീണ്ടും നിര്‍മാണം ആരംഭിക്കുകയായിരുന്നു.

content highlights- Telangana tunnel accident; Mud and water are flowing out, life of rescue workers is in danger

dot image
To advertise here,contact us
dot image