
ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്ന് തമിഴക വെട്രി കഴകം നേതാവ് വിജയ്. ഇന്നലെ വന്നവന്‍ എന്ന പരിഹാസമാണ്. പണം ഉണ്ടാക്കാനാണ് ഇവരെല്ലാം പദവിയില്‍ ഇരിക്കുന്നത്. സമൂഹ നന്മ ഇവരുടെ ലക്ഷ്യമല്ല. ഇവരെ രാഷ്ട്രീയത്തില്‍ നിന്ന് ഓടിക്കണമെന്നും വിജയ് പറഞ്ഞു.
ഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1967നെയും എഐഎഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1977നെയും ഓര്‍മിപ്പിച്ച് സമാനമായ ഒരു തുടക്കം അടുത്ത വര്‍ഷം ടിവികെയ്ക്കുമുണ്ടാകുമെന്നും വിജയ് പറഞ്ഞു. 1967ലും 1977ലും സംഭവിച്ചതുപോലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ചരിത്രം കുറിക്കും. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മതേതര ജനാധിപത്യത്തിന് വേണ്ടി പോരാടും. ത്രിഭാഷ പ്രശ്‌നമൊക്കെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒത്തുകളിയാണ്. ഭാഷയുടെ പേരിലുള്ള പോര് തമിഴ് മക്കള്‍ വിശ്വസിക്കരുതെന്നും വിജയ് പറഞ്ഞു.
ടിവികെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ വൈകാതെ നിലവില്‍ വരും. ബൂത്ത് തല ഭാരവാഹികളുടെ സമ്മേളനം ഉടന്‍ നടക്കും. അന്ന് അറിയാം ടിവികെ യുടെ ശക്തിയെന്നും വിജയ് പറഞ്ഞു. തമിഴക വെട്രികഴകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മഹാബലിപുരത്ത് സംസാരിക്കുകയായിരുന്നു വിജയ്. സമ്മേളനത്തില്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തു. യോഗത്തില്‍ രണ്ടായിരത്തോളം ഭാരവാഹികളാണ് എത്തിചേര്‍ന്നത്. 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് സമ്മേളനം പ്രധാന അജന്‍ഡയായി കണക്കാക്കിയാണ് സമ്മേളനം.
Content Highlights: TVK Make history in next year's Tamil Nadu Assembly election Said Vijay