
ന്യൂഡൽഹി: ഈന്തപഴത്തിനുള്ളിൽ വെച്ച് സ്വർണം കടത്താനൻ ശ്രമിച്ചയാളെ പിടികൂടി. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയ യാത്രക്കാരനെയാണ് പിടികൂടിയത്. ഈന്തപഴത്തിനുള്ളിൽ കുരുവിന് പകരം കൃത്യമായി മുറിച്ച് നിറച്ചിരുന്ന സ്വർണമാണ് പിടികൂടിയത്.
172 ഗ്രാം സ്വർണമാണ് സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56 കാരനിൽ നിന്ന് പിടിച്ചെടുത്തത്. പ്രതിയായ യാത്രക്കാരൻ്റെ ലഗേജിൽ എക്സറേ സ്കാൻ നടത്തിയപ്പോൾ തന്നെ സംശയാസ്പദമായ തരത്തിൽ ഒരു വസ്തുവുള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ലഗേജ് ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിലൂടെ കടന്ന് പോയപ്പോളുണ്ടായ ശബ്ദം ഈ സംശയം കൂടുതൽ ബലപ്പെടുത്തി. പിന്നാലെ ഇയാളുടെ ലഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കവറിൽ കെട്ടിയ നിലയിൽ ഈന്തപഴം കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് കുരുവിൻ്റെ സ്ഥാനത്ത് സ്വർണം ചെറിയ കഷണങ്ങളായി മുറിച്ച് നിറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Content Highlights- A gold smuggler was caught inside Dates