
ന്യൂഡൽഹി: നിലവിലെ ധനകാര്യ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ തുഹിൻ കാന്ത പാണ്ഡയെ പുതിയ സെബി ചെയർമാനായി നിയമിച്ചു. മാധബി ബുച്ചിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് നേതൃമാറ്റം. ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ ആവുകയാണ്. ദീപക് മൊഹന്തി നേത്യത്വം നൽകുന്ന പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്ഥമായി നിൽകുന്നത്.
അദാനിയുടെ ഓഹരി വിപണി തട്ടിപ്പിൽ ഉൾപ്പടെ മാധബി ബുച്ചിന് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഒരു ഐ എ എസ്സുകാരനായി മുതിർന്ന ഉദ്യോഗസ്ഥനെ പദവിയിലേക്ക് പരിഗണിക്കാൻ കാരണമെന്നാണ് സൂചന.
പബ്ലിക് എൻ്റർപ്രൈസ് ഡിപ്പാർട്ടമെൻ്റ്, ഡിപ്പാർട്ടമെൻ്റ് ഓഫ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജമെൻ്റ് തുടങ്ങിയ വകുപ്പുകളിൽ പ്രധാന ചുമതല വഹിച്ചയാളാണ് തുഹിൻ കാന്ത പാണ്ഡെ. എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം എൽഐസിയുടെ പബ്ലിക് ലിസ്റ്റിംഗ് തുടങ്ങിയവയിലെ തുഹിൻ കാന്തയുടെ ഇടപ്പെടൽ ഏറെ ശ്രദ്ധേയമായിരുന്നു.
Content Highlights- Leadership change at SEBI, Tuhin Kantha appointed as new SEBI Chairman