'തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി'; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ലീഗല്‍ നോട്ടീസ് അയച്ച് കോൺഗ്രസ്

'പാര്‍ട്ടിക്കെതിരെ ഇത്തരം കുപ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്'

dot image

ന്യൂഡൽഹി: സത്യവിരുദ്ധ വാര്‍ത്ത നൽകി എന്ന് കാണിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ലീഗല്‍ നോട്ടീസ് അയച്ച് കോൺഗ്രസ്. അടിസ്ഥാനരഹിതമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് നൽകിയത്, വാര്‍ത്തയിലെ തെറ്റായ ഭാഗം പിന്‍വലിച്ച് ഖേദ പ്രകടനം നടത്തിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ കോൺഗ്രസ് പറഞ്ഞു. പത്രത്തിനെതിരെ എഐസിസി ലീഗല്‍ സെല്‍ നോട്ടീസ് അയച്ചതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയും അറിയിച്ചു.

അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയാണ് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയത്. ഈ വാര്‍ത്തയിലെ തെറ്റായ ഉള്ളടക്കം പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരം കുപ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ഏതെങ്കിലും സര്‍വെ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഐഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിക്കുകയാണ്. പൊതുസമൂഹത്തിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടിയായി എഐസിസി ലീഗല്‍ സെല്‍ കേസ് ഫയല്‍ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.

കേരളത്തിലെ ജനഹിതം പരിശോധിച്ചാല്‍ അവര്‍ യുഡിഎഫിനെ അവര്‍ വോട്ടു ചെയ്യൂ. ഒറ്റക്കെട്ടായിട്ടാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ദൗത്യം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരെ കൂട്ടുപിടിച്ച് നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ഒരു വിധത്തിലും ബാധിക്കില്ല. ഈ കള്ള വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും
കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Content Highlights: Fake News Allegation Congress Send Legal Notice to the New Indian Express

dot image
To advertise here,contact us
dot image