സ്ത്രീ സുഹൃത്തിനെതിരെ വീഡിയോ, പിന്നാലെ യുവാവ് ജീവനൊടുക്കി

'ഗര്‍ഭിണിയാണെന്നാണ് സ്ത്രീ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ വിവരം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്'

dot image

ലഖ്‌നൗ: സ്ത്രീ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ അല്‍ത്താഫ് ആണ് മുംബൈയിലെ താനെയില്‍ ജീവനൊടുക്കിയത്. താൻ വളരെയധികം വേദനിക്കുന്നുണ്ടെന്നും അത് നിനക്ക് മനസിലാകില്ലെന്നും സ്ത്രീ സുഹൃത്തിനോടായി അൽത്താഫ് വീഡിയോയിൽ പറയുന്നുണ്ട്. തന്റെ ചോരകൊണ്ടാണ് കളിക്കുന്നതെന്നും ഇത് നാടകമല്ലെന്നും അൽത്താഫ് പറയുന്നു. ഇതിന് ശേഷം ഇയാൾ കൈത്തണ്ട മുറിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ വിഷം കഴിക്കുന്നതും കാണാം, എലിവിഷമാണെന്നാണ് അൽത്താഫ് വീഡിയോയിൽ പറയുന്നത്.

താനെയില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു അല്‍ത്താഫ്. ഒരു വര്‍ഷം മുന്‍പ് അമ്മയുടെ മരണത്തോടെ അല്‍ത്താഫ് നാട്ടിലെത്തി. ഇതിനിടെ അയല്‍വാസിയും വിവാഹിതയുമായ സ്ത്രീയുമായി ഇയാള്‍ സൗഹൃദത്തിലായി. കുടുംബം ഇക്കാര്യം അറിഞ്ഞതോടെ അല്‍ത്താഫിനെ ശാസിച്ച് താനെയിലേക്ക് പറഞ്ഞയച്ചു.

ഇതിന് ശേഷം സ്ത്രീ അല്‍ത്താഫിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് അല്‍ത്താഫിന്റെ സഹോദരി രേഷ്മ പറയുന്നത്. ഗര്‍ഭിണിയാണെന്നാണ് സ്ത്രീ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ വിവരം പുറത്തുപറയുമെന്ന് പറഞ്ഞ് അവള്‍ ഭീഷണിപ്പെടുത്തുകയാണ്. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുന്നത്. അല്‍ത്താഫിനെതിരെ കേസ് കൊടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ജീവനൊടുക്കാന്‍ അല്‍ത്താഫ് നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് അല്‍ത്താഫ് സ്ത്രീയെ വീഡിയോ കോള്‍ ചെയ്തിരുന്നു. അവര്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അല്‍ത്താഫ് പറഞ്ഞിരുന്നു. അല്‍ത്താഫ് മരിച്ചാല്‍ തനിക്കും ഭര്‍ത്താവിനും ഒന്നും നഷ്ടപ്പെടാന്‍ ഇല്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും അല്‍ത്താഫിന്റെ സഹോദരി പറഞ്ഞു.

സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്ര പൊലീസ് അല്‍ത്താഫിന്റെ മരണ വിവരം തങ്ങളെ അറിയിക്കുന്നതെന്നും സഹോദരി പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ അവിടെ എത്തുകയും അല്‍ത്താഫിനെ താനെയില്‍ തന്നെ അടക്കുകയും ചെയ്തു. സംഭവത്തിന് ശേഷമാണ് സുഹൃത്തായിരുന്ന സ്ത്രീ അല്‍ത്താഫിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അറിയുന്നത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര പൊലീസിനെ തങ്ങള്‍ സമീപിച്ചിരുന്നു. എന്നാല്‍ ഉന്നാവോ പൊലീസിനെ സമീപിക്കാനായിരുന്നു മഹാരാഷ്ട്ര പൊലീസ് പറഞ്ഞത്. ഇതിന് ശേഷം തങ്ങള്‍ ഉന്നാവോ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മഹാരാഷ്ട്രയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് തങ്ങളെ സഹായിച്ചില്ല. സഹോദരന് നീതി ലഭിക്കണമെന്നും രേഷ്മ പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Man kill himself after shot video against friend in thane

dot image
To advertise here,contact us
dot image