ഒരാളെ 'പാകിസ്താനി' എന്ന് വിളിക്കുന്നത് മോശമായ കാര്യം, മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ല; സുപ്രീം കോടതി

ജാർഖണ്ഡിൽ ഇത്തരം പരാമർശം നടത്തിയ സർക്കാർ ഉദ്യോ​ഗസ്ഥനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് വിധി വന്നത്

dot image

ന്യൂഡൽ​ഹി: ഒരാളെ പാകിസ്താനി എന്നു വിളിക്കുന്നത് മോശമായ കാര്യമാണെങ്കിലും അത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിയമങ്ങളുടെ പരിധിയിൽ വരുന്ന ക്രിമിനൽ കുറ്റം അല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിരീക്ഷണം. ജാർഖണ്ഡിൽ ഇത്തരം പരാമർശം സർക്കാർ ഉദ്യോ​ഗസ്ഥനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് വിധി വന്നത്.

ജാർഖണ്ഡിലെ ഒരു ഉറുദു വിവർത്തകനും ആക്ടിംഗ് ക്ലാർക്കുമായ എം ഡി ഷമീം ഉദ്ദീനാണ് പരാതി നൽകിയത്. വിവരാവകാശ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പരാതിക്കാരൻ സർക്കാർ ഉദ്യോ​ഗസ്ഥനായ ഹരി നന്ദൻ സിംഗിനെ സമീപിച്ചത്. സന്ദർശന സമയത്ത് സർക്കാർ ഉദ്യോ​ഗസ്ഥൻ മതം പരാമർശിച്ചുകൊണ്ട് അധിക്ഷേപിച്ചു എന്നാണ് പരാതി. ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നത് തടയാൻ ക്രിമിനൽ ബലപ്രയോഗം നടത്തിയതായും പരാതിയിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 298 (മതവികാരം വ്രണപ്പെടുത്തൽ), 504 (സമാധാന ലംഘനം നടത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനം), 353 (പൊതുപ്രവർത്തകനെ കടമ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ ചുമത്തിയത്.

ഹരി നന്ദൻ സിംഗ് പരാതിക്കാരനെ 'മിയാൻ-ടിയാൻ' എന്നും 'പാകിസ്താനി' എന്നും അഭിസംബോധന ചെയ്തത് മോശമായ കാര്യമാണ്. എന്നിരുന്നാലും അത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിലയിലുള്ള ക്രിമിനൽ കുറ്റത്തിന് തുല്യമല്ലെന്നായിരുന്നു കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സമാധാനം തകർക്കാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയും പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlights: Supreme Court Says, Calling someone ‘Pakistani’ in poor taste but not a criminal offence

dot image
To advertise here,contact us
dot image