
ന്യൂഡൽഹി: സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പരിഗണനയിൽ. പ്രായപരിധിയിൽ ഇളവു ലഭിച്ച മണിക് സർക്കാരിനെ ത്രിപുര സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തിയത് ഇത് മുന്നിൽകണ്ടാണെന്നാണ് സൂചന. ഇക്കാര്യത്തെ കേരള, ബംഗാൾ ഘടകങ്ങൾ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ മണിക് സർക്കാരിന് പദവി ഏറ്റെടുക്കാൻ താത്പര്യമില്ല എന്നാണ് വിവരം. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയാമെന്ന നിലപാടിലാണ് അദ്ദേഹം.
മണിക് സർക്കാർ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ എം എ ബേബി, അശോക് ധാവ്ളെ എന്നിവരുടെ പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചർച്ചയിലുണ്ട്. വൃന്ദ കാരാട്ടിന് ഇളവ് നൽകി ജനറൽ സെക്രട്ടറിയാക്കണമെന്ന വാദവും പാർട്ടിയിൽ ഉയരുന്നുണ്ട്. എംബിബിഎസ് ഡോക്ടറായ ധാവ്‌ളെ കഴിഞ്ഞ പാർട്ടി കോൺഗ്രസിലാണ് പി ബി യിലേക്ക് വന്നതെങ്കിലും കിസാൻസഭയുടെ നേതാവെന്ന നിലയിൽ സജീവമാണ്.
പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിലവിലെ പി ബി കോഡിനേറ്റർ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണൻ എന്നിവർ 75 വയസ് പിന്നിട്ടവരാണ്. മുഖ്യമന്ത്രിയായി തുടരുന്നതിനാൽ പിണറായി ഇത്തവണയും ഇളവുണ്ടാകും. മണിക്കും പിണറായിയും ഒഴികെ അഞ്ചുപേർ ഒഴിഞ്ഞാൽ അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേതടക്കം ആറ് ഒഴിവുകൾ പി ബിയിൽ നികത്തപ്പെടേണ്ടതുണ്ട്.
കേന്ദ്ര കമ്മറ്റി അംഗങ്ങൾക്ക് 75 വയസ് പ്രായപരിധി നിശ്ചയിച്ചതിൽ ഇത്തവണയും മാറ്റം വേണ്ടെന്നാണ് തീരുമാനം. എന്നാൽ ത്രിപുര, ഉത്തർ പ്രദേശിലും പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ സി പി സിങിനാണ് ഇളവ് നൽകിയിട്ടുളളത്. സംസ്ഥാന സമ്മേളനങ്ങൾ പൂർത്തിയായ ഇടങ്ങളിൽ പ്രായപരിധി മാനദണ്ഡം പാലിച്ചിട്ടുണ്ട്. സംസ്ഥാന സമിതിയിലേക്കുളള പ്രായപരിധി മാനദണ്ഡം കേരളത്തിലും ത്രിപുരയിലും 75 വയസ് ആണ്. ചിലയിടങ്ങളിൽ 72 ഉം 70 ഉം വയസ് ആണ് പ്രായപരിധി.
Content Highlights: Manik Sarkar to be Considered as CPIM National General Secretary