രണ്ടുവര്‍ഷത്തിനിടെ 1,128 കോടി രൂപയുടെ മയക്കുമരുന്ന് കച്ചവടം; വൻ മയക്കുമരുന്ന് മാഫിയാസംഘത്തെ പൂട്ടി എന്‍സിബി

തലവനായ നവീന്‍ ക്രിമിനല്‍ സൈക്കോളജിയും ലണ്ടനില്‍നിന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിരുന്നു.

dot image

മുംബൈ : ഇന്ത്യയിലെ വൻ മയക്കുമരുന്ന് മാഫിയാസംഘത്തിന് കൂച്ചുവിലങ്ങിട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. നവി മുംബൈ സ്വദേശി നവീന്‍ ഛിച്ച്കാര്‍ എന്ന മയക്കുമരുന്ന് തലവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ലഹരി സംഘത്തെയാണ് മുംബൈ എന്‍സിബി പിടികൂടിയത്. സംഘവുമായി ബന്ധപ്പെട്ട ആറുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടുവര്‍ഷത്തിനിടെയായി 1,128 കോടി രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് സംഘം നടത്തിയത്. കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. യുഎസ്,ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്ന് എയര്‍ കാര്‍ഗോ വഴി മുംബൈയിലെത്തിക്കുന്ന മയക്കുമരുന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റിരുന്നു. മുംബൈ വഴിയുള്ള മയക്കുമരുന്ന് കടത്ത് ജനുവരി ഒന്നാം തീയതി എന്‍സിബി സംഘം നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘം ഏകദേശം 60 കിലോ ഹൈബ്രിഡ് കഞ്ചാവും 90 കിലോ കൊക്കെയ്‌നും വില്‍പ്പന നടത്തിയതായി സ്ഥിരീകരിച്ചത്. പിന്നാലെ ഹവാല ഇടപാടുകാരായ എച്ച് മാനേ, എച്ച് പട്ടേല്‍ എന്നിവരെ നവി മുംബൈയില്‍ നിന്ന് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണമാണ് ഹവാല ഇടപാടിനായി ഉപയോ​ഗിക്കുന്നത്.

കൂടുതല്‍ പരിശോധനയില്‍ പ്രതികളില്‍നിന്ന് 11.54 കിലോ കൊക്കെയ്‌നും 4.9 കിലോ ഹൈബ്രിഡ് കഞ്ചാവും 1.60 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് സംഘത്തിലുള്ളവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. തലവനായ നവീന്‍ ക്രിമിനല്‍ സൈക്കോളജിയും ലണ്ടനില്‍നിന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം, ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

content highlights :NCB busts India's drug mafia; arrests major drug gang from Mumbai

dot image
To advertise here,contact us
dot image