
ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ച് തമിഴ്നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണയ നയം അംഗീകരിക്കാനാവില്ലെന്നാണ് പ്രമേയം. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നയം ബാധിക്കുമെന്നും സര്‍വകക്ഷിയോഗം വ്യക്തമാക്കി.
ഹിന്ദി അടിച്ചേല്‍പ്പിക്കലും അംഗീകരിക്കില്ലെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടായി പറഞ്ഞു. തമിഴ്നാട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഹിന്ദി നീക്കം ചെയ്യണമെന്നും തമിഴ്നാട്ടിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് തമിഴ് പേരിടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. തിരുവള്ളുവരെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. തമിഴ് സ്‌നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ തിരുക്കുറള്‍ ഇന്ത്യയുടെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണം. ഹിന്ദിക്ക് തുല്യമായി തമിഴിനെ ഔദ്യോഗിക ഭാഷയാക്കുക. സംസ്‌കൃതം പോലെയുള്ള മൃതഭാഷയേക്കാള്‍ കൂടുതല്‍ ഫണ്ട് തമിഴിന് അനുവദിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതേസമയം പുതിയ സെന്‍സസ് പ്രകാരമായിരിക്കണം കേന്ദ്ര സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കാനെന്നും സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ 37 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. എന്‍ഡിഎ മുന്നണിയില്‍ നിന്ന് പാട്ടാളി മക്കള്‍ കക്ഷി യോഗത്തിനെത്തി. നടന്‍ വിജയ്‌യുടെ ടിവികെയും പ്രതിനിധിയെ അയച്ചു. കമല്‍ ഹാസനും നേരിട്ടെത്തി. എന്നാല്‍ ബിജെപിയും തമിഴ് മാനില കോണ്‍ഗ്രസും നാം തമിളര്‍ കക്ഷിയും യോഗത്തില്‍ നിന്നും വിട്ടുനിന്നു.
Content Highlights: Tamil Nadu all party meeting presents resolution against the Centre