
ബെംഗളൂരു: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നടപടി.
ഉദയനിധിയുടെ അപേക്ഷയിൽ നോട്ടീസ് അയച്ച ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഉദയനിധിക്ക് നൽകിയ ഇടക്കാല സംരക്ഷണം നീട്ടുകയും ചെയ്തു. മാത്രമല്ല ബിഹാർ ഉൾപ്പെടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളെ കേസിൽ കക്ഷി ചേർക്കാൻ കോടതി അനുവാദവും നൽകിയിട്ടുണ്ട്.
2023 സെപ്റ്റംബർ രണ്ടിനായിരുന്നു കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതനധർമം മലേറിയയും ഡെങ്കിയും പോലെ നിർമാർജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമർശം.
Content Highlights: SC grants Udhayanidhi Stalin relief in 'Sanatana Dharma' remark case