
ഹൈദരാബാദ്: തെലങ്കാനയിലെ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേർക്കായുളള തിരച്ചിൽ ദൗത്യത്തിന് കേരള പൊലീസിന്റെ കഡാവർ നായ്ക്കളും. കേരളത്തിൽ നിന്നുളള കഡാവർ നായ്ക്കൾ നാഗർ കുർണൂലിൽ എത്തി. വ്യോമ സേനയുടെ ഹെലികോപ്റ്ററിലാണ് നായ്ക്കളെ എത്തിച്ചത്. തുരങ്കത്തിനകത്തെ മൃതദേഹങ്ങൾ തിരിച്ചറിയാനാണ് കഡാവർ നായകളുടെ സഹായം തേടിയത്. പരിശോധനയ്ക്കായി നായ്ക്കൾ തുരങ്കത്തിനകത്തേക്കു പോയി. ദേശീയ ദുരന്ത നിവാരണ സേനയാണ് കേരള പൊലീസിന്റെ കീഴിലുളള കഡാവർ നായ്ക്കളെ ദൗത്യത്തിനായി ആവശ്യപ്പെട്ടത്.
തുരങ്കത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത കുറവാണെന്ന് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സും റാറ്റ് മൈനേഴ്സും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.
നാഗര്‍കൂര്‍നൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിര്‍മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) ടണലിന്റെ ഒരു ഭാഗമാണ് ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 8.30 ഓടെ തകര്‍ന്നുവീണത്. രണ്ട് എന്‍ജിനീയര്‍ അടക്കം എട്ട് തൊഴിലാളികളായിരുന്നു കുടുങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മനോജ് കുമാര്‍ (പ്രൊജക്ട് എന്‍ജിനീയര്‍) ശ്രീനിവാസ് (ഫീല്‍ഡ് എന്‍ജിനീയര്‍), ജാര്‍ഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു(തൊഴിലാളി), ജതാക്‌സ് (തൊഴിലാളി), സന്തോഷ് സാഹു(തൊഴിലാളി), അനുജ് സാഹു (തൊഴിലാളി), ജമ്മു കശ്മീര്‍ സ്വദേശിയായ സണ്ണി സിങ് (തൊഴിലാളി), പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിങ് (തൊഴിലാളി) എന്നിവരാണ് കുടുങ്ങിയത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ വീണ്ടും നിര്‍മാണം ആരംഭിക്കുകയായിരുന്നു.
Content Highlights: Telangana Tunnel Collapse Kadavar Dogs of Kerala Police to Join Rescue Operation