
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനിടയിൽ പൊട്ടിക്കരഞ്ഞ് പ്രതിയായ കന്നഡ നടി രന്യ റാവു. നേരത്തെ കുറ്റസമ്മതം നടത്തിയ പ്രതി ഇപ്പോൾ നിരപരാധിയാണെന്നാണ് അവകാശപ്പെടുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ ചോദ്യം ചെയ്ന്നതിനിടയിലാണ് രന്യയുടെ വെളിപ്പെടുത്തൽ. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും രന്യ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓരോ യാത്രയ്ക്കും അഞ്ച് ലക്ഷം രൂപ മുതല്‍ സ്വര്‍ണത്തിന്റെ അളവനുസരിച്ച് കമ്മീഷന്‍ പറ്റിയായിരുന്നു രന്യ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാനച്ഛനും കര്‍ണാടക ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസിന്റെ പേര് പറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴി ആയിരുന്നു ഇതുവരെ സുരക്ഷാ പരിശോധന ഇല്ലാതെ നടി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നിരുന്നത്.
ബസവരാജ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നടിയുടെ പെട്ടികള്‍ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ എത്തിയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ഡിജിപി രാമചന്ദ്ര റാവുവിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രാമചന്ദ്ര റാവുവിന്റെ ട്രാക് റെക്കോര്‍ഡ് ഡിആര്‍ഐ പരിശോധിക്കും. 14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.
Content Highlights: Ranya Rao broke down during questioning, claimed she was trapped