
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മുസ്ലിം ലീഗ് ജനപ്രതിനിധികൾ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. അപ്പീലിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, അഹ്‌സാനുദ്ദിൻ അമാനുള്ള എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ജനസംഖ്യ മാറിയ സാഹചര്യത്തിൽ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. വാർഡ് പുനർ വിഭജനം ഏകപക്ഷീയമല്ലേയെന്നും സുപ്രിംകോടതി ചേദിച്ചു. ആനുപാതികമായാണ് ജനസംഖ്യ കണക്കാക്കിയതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ അറിയിച്ചു. അപ്പീൽ സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മുസ്ലിം ലീഗ് ഭരിക്കുന്ന എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികൾ നൽകിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 2024 ഒക്ടോബറിലെ സംസ്ഥാന സർക്കാരിന്റെ വാർഡ് പുനർ വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിയമപരമാണെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
2011-ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2015-ൽ വാർഡ് വിഭജനം സംസ്ഥാന സർക്കാർ നടത്തി. അതേ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ച വാർഡുകൾ പുനർ വിഭജനം നടത്താനാവില്ലെന്നാണ് ഹർജിക്കാരുടെ വാദം.
Content Highlights: Supreme Court notice to kerala govt on local self-government ward division