വീരേന്ദർ‍ സെവാ​ഗിന്റെ സഹോദരൻ 7 കോടിയുടെ വണ്ടിച്ചെക്ക് കേസിൽ അറസ്റ്റിൽ; ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

വിനോദ് സെവാ​ഗിന്റെ പേരിൽ 174 വണ്ടിച്ചെക്ക് കേസുകളുണ്ടെന്നാണ് റിപ്പോർട്ട്

dot image

ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാ​ഗിന്റെ സഹോദരൻ വിനോദ് സെവാ​ഗ് വണ്ടിച്ചെക്ക് കേസിൽ അറസ്റ്റിൽ. എഴ് കോടിയുടെ വണ്ടിച്ചെക്ക് കേസിലാണ് അറസ്റ്റ്. ഛണ്ഡീ​ഗഡ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതി വിനോദ് സെവാ​ഗിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹിമാചൽ പ്രദേശിലുളള ബഡ്ഡിയിലുളള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമ കൃഷ്ണ മോഹനാണ് പരാതിക്കാരൻ.

ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്. ഈ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് വിനോദ് സെവാ​ഗ്. കൃഷ്ണ മോഹനന്റെ കമ്പനിയിൽ നിന്ന് ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനി കുറച്ച് സാധനങ്ങൾ വാങ്ങിയിരുന്നു. ഏഴ് കോടിയുടെ ചെക്കാണ് ഇതിനായി നൽകിയത്. മണിമജ്രയിലെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽ ചെക്ക് നിക്ഷേപിച്ചപ്പോൾ അക്കൗണ്ടിൽ മതിയായ ഫണ്ടില്ലാത്തതിനാൽ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് കൃഷ്ണ മോഹൻ പരാതിപ്പെട്ടത്.

വിനോദ് സെവാ​ഗിനെ കൂടാതെ വിഷ്ണു മിത്തൽ, സുധീർ മൽഹോത്ര എന്നിവരും കമ്പനിയുടെ ഡയർക്ടർമാരാണ്. മൂവർക്കുമെതിരെ നെ​ഗോഷ്യബൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. 2022 ൽ ഈ കേസിൽ കോടതി മൂവരേയും പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചിരുന്നു. 2023 സെപ്റ്റംബറിൽ വാദം കേൾക്കലിന് ഹാജരാകാത്തതിനെ തുടർന്ന് കോടതി കേസ് എടുക്കാൻ ഉത്തരവിടുകയായിരുന്നു.

കേസിൽ വിനോദ് സെവാ​ഗ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ മാർച്ച് പത്തിന് വാദം കേൾക്കും. വിനോദ് സെവാ​ഗിന്റെ പേരിൽ 174 വണ്ടിച്ചെക്ക് കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 138 കേസുകളിൽ വിനോദ് ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Content Highlights: Virender Sehwag brother vinod sehwag arrested in 7 crore check bounce case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us