
ലഖ്‌നൗ: ഉത്തർപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്. അഷ്റഫ് എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പൊലീസ് വെടിവെച്ച് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ആരോപണം. കാലിന് വെടിയേറ്റ അഷ്റഫിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ജര്‍വാള്‍ റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. പശുവിന്റേത് ഉള്‍പ്പടെയുള്ള കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ പാടങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുത്തതെന്ന് എസ് പി ദുര്‍ഗ പ്രസാദ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ഹര്‍ചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചും പൊലീസും ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാള്‍ മുന്‍പ് ഏതെങ്കിലും കേസില്‍ പ്രതിയായിരുന്നോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Cow slaughter accused shot in leg during arrest bid in UP's Bahraich