
ഭോപ്പാൽ: മതപരിവർത്തന കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ പോലെ പെൺകുട്ടികളെ മതപരിവർത്തനത്തിന് പ്രോത്സാഹിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മതപരിവർത്തന കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള നിയമസംവിധാനം കൊണ്ടുവരും. മതപരിവർത്തനത്തിൽ ബിജെപി സർക്കാർ വിട്ടുവീഴ്ചചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നിഷ്കളങ്കരായ പെൺമക്കളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയത്തിൽ പ്രതികൾക്ക് വധശിക്ഷയുറപ്പാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. മതപരിവർത്തന കേസുകളിലും സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കാനുള്ള വ്യവസ്ഥ സർക്കാർ കൊണ്ടുവരും', മോഹൻ യാദവ് പറഞ്ഞു.
മോഹൻ യാദവിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. മതപരിവർത്തനം ഭരണാഘടനാപരമായ അവകാശമാണെന്നും നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെങ്കിൽ ശിക്ഷ എല്ലാ മതസ്ഥർക്കും തുല്യമായി നടപ്പാക്കണമെന്നും കോൺഗ്രസ് നേതാവ് ആരിഫ് മസൂദ് ചൂണ്ടിക്കാട്ടി. പല പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
Content Highlight: Madhya Pradesh CM says will hang accused in religious diversion