
ഹൈദരാബാദ്: തെലങ്കാനയില്‍ ദളിത് യുവാവ് പ്രണയ്‌യുടെ ദുരഭിമാന കൊലയില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. 2018ലെ കേസില്‍ നാല്‍കൊണ്ട എസ്‌സി-എസ്ടി സെക്കൻ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ബിഹാര്‍ സ്വദേശിയായ ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്‌യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.
2018 സെപ്റ്റംബര്‍ 14നാണ് അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന്റേയും അമ്മാവന്റേയും ക്വട്ടേഷന്‍ പ്രകാരമായിരുന്നു കൊല. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്‌യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Telangana honor killing case second accused got death penalty