
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ കർണാടക സർക്കാർ വളർത്തച്ഛനിലെക്കും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര റാവുവിലെക്കാണ് അന്വേഷണം നീണ്ടിരിക്കുന്നത്.
സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ ഡിജിപിയുടെ സ്വാധീനം ദുരുപയോഗിച്ചോ എന്നാന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സിഐഡി വിഭാഗം അന്വേഷിക്കും.ബിജെപി സർക്കാരിൻ്റെ കാലത്ത് സ്റ്റീൽ പ്ലാൻ്റ് സ്ഥാപിക്കാൻ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതും അന്വേഷണ പരിധിയിലുണ്ട്. കേസിലെ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല ഇടപാടുകളും സിബിഐ ആണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കർണാടക പൊലീസിനെ അറിയിച്ചിട്ടില്ല.
സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിൻ്റെ കൂട്ടാളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുൺ രാജ് വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആർ ഐ) കസ്റ്റഡിയിലെടുത്തത്.14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.
Content Highlight : It is reported that the role of foster father in Ranya's dealings will be investigated