മെട്രോ പദ്ധതിക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവം അനുഗ്രഹിക്കും: മദ്രാസ് ഹൈക്കോടതി

സമാനമായൊരു കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ക്ഷേത്ര ഭൂമി ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്

dot image

ചെന്നൈ: മെട്രോ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി(സിഎംആർഎൽ)ന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്നും ഹൈക്കോടതി വിധിച്ചു.

ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന ഇത്തരമൊരു പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. മെട്രോ സ്‌റ്റേഷന്റെ വികസനത്തിനായി ദൈവം ദയ ചൊരിയുമെന്ന് ഈ കോടതിയും ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുമെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.

സമാനമായൊരു കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ക്ഷേത്ര ഭൂമി ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്. ചെന്നൈയിലെ രത്തിന വിനായകർ ക്ഷേത്രത്തിന്റെയും ദുർഗാ അമ്മൻ ക്ഷേത്രത്തിന്റെയും ഭൂമിയുടെ ഒരു ഭാഗമാണ് മെട്രോ പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്നത്.

ക്ഷേത്രഭൂമി എറ്റെടുക്കുന്നതിനെതിരെ വിശ്വാസികൾ നൽകിയ പരാതി പരിഗണിച്ച് ഇൻഷുറൻസ് കമ്പനിയുടെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനെതിരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിച്ചു. സിഎംആർഎലിന്റെ അനുമതി വാങ്ങിയശേഷം 250 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം പൊളിച്ച് ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോൾ ക്ഷേത്രം പൊളിക്കേണ്ടിവരുന്നില്ലെന്നും സൗകര്യങ്ങൾ അല്പം കുറയുമെന്നേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Contenr Highlights: Madras High Court on proposal to acquire temple land for metro station

dot image
To advertise here,contact us
dot image