
ചണ്ഡിഗഡ്: ഹരിയാന നിയമസഭയില്‍ ചാണക, അഴിമതി ആരോപണങ്ങളുമായി ബിജെപി മന്ത്രിയും ബിജെപി എംഎല്‍എയും. ബിജെപി നേതാവും സഹകരണമന്ത്രിയുമായ അരവിന്ദ് ശര്‍മയും ബിജെപി എംഎല്‍എ രാംകുമാര്‍ ഗൗതവുമാണ് പരസ്പരം പോരടിച്ചത്. ബിജെപി എംഎല്‍എ രാംകുമാര്‍ പന്തയംവെച്ചതിന് ശേഷം പത്ത് കിലോ ചാണകം കഴിച്ചെന്നായിരുന്നു അരവിന്ദ് ശര്‍മയുടെ ആരോപണം. താന്‍ പത്ത് കിലോ ചാണകം കഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആയിരം കിലോ കഴിക്കുന്നുണ്ടാകുമെന്നായിരുന്നു രാം കുമാര്‍ തിരിച്ചടിച്ചത്. ഇതിന് പുറമെ അരവിന്ദ് ശര്‍മയ്‌ക്കെതിരെ രാം കുമാര്‍ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു.
ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഭരണകക്ഷിയായ ബിജെപിയുടെ നിയമസഭാംഗങ്ങള്‍ പരസ്പരം പോരടിച്ചത്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാട്ട് ആധിപത്യമുള്ള ഗൊഹാന, സഫിദോണ്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണ് പാര്‍ട്ടി ടിക്കറ്റില്‍ ഇരുവരും വിജയിച്ചത്. തന്റെ മണ്ഡലമായ ഗൊഹാനയിലെ ജിലേബിയെ സ്ഥലം എംഎല്‍എ കൂടിയായ അരവിന്ദ് ശര്‍മ പ്രശംസിച്ചിരുന്നു. തിങ്കളാഴ്ച സ്ഥലത്ത് ജിലേബി പാര്‍ട്ടി നടത്തുമെന്നും അരവിന്ദ് ശര്‍മ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗൊഹാനയിലെ ജിലേബി അത്ര പോരെന്ന് രാംകുമാര്‍ ഗൗതം പറഞ്ഞു. ഗൊഹാനയിലെ ജിലേബി നിലവില്‍ നെയ്യിലല്ല നിര്‍മിക്കുന്നതെന്നും ഡാല്‍ഡയിലാണെന്നും രാംകുമാര്‍ ഗൗതം പറഞ്ഞു. ജിലേബിക്ക് പഴയപോലെ ഗുണനിലവാരമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇതാണ് അരവിന്ദ് ശര്‍മയെ ചൊടിപ്പിച്ചത്.
രാംകുമാര്‍ രൗതം ജിലേബിയുടെ കാര്യം മറക്കൂ എന്നും മുന്‍പ് ഒരു പന്തയത്തില്‍ അയാള്‍ പത്ത് കിലോ ചാണകം കഴിച്ചിട്ടുണ്ടെന്നുമായിരുന്നു അരവിന്ദ് ശര്‍മ തിരിച്ചടിച്ചത്. ഇതിന് പിന്നാലെയായിരുന്നു രാംകുമാര്‍ ഗൗതത്തിന്റെ പ്രതികരണം. അരവിന്ദ് ശര്‍മ ആയിരം കിലോ ചാണകം കഴിക്കുന്നുണ്ടാകും എന്ന് പറഞ്ഞ രാംകുമാര്‍ ശര്‍മ, പെട്രോള്‍ പമ്പ് നല്‍കാമെന്ന പേരില്‍ മന്ത്രി അരവിന്ദ് ശര്‍മ നൂറുകണക്കിന് ആളുകളെ വഞ്ചിച്ചെന്നും ആരോപിച്ചു.
Content Highlights- minister arvind sharma and mla ramkumar goutham clash in haryana legislative assembly