
ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഹരിയാനയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലും ശക്തി തെളിയിച്ച് ബിജെപി. കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ കോട്ടയായ റോഹ്തക് ഉൾപ്പെടെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒമ്പത് എണ്ണം നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി സ്വന്തം ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.
അംബാല, ഗുരുഗ്രാം, സോണിപത്ത്, റോഹ്തക്, കർണാൽ, ഫരീദാബാദ്, പാനിപ്പത്ത്, ഹിസാർ, യമുനനഗർ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ വിജയിച്ചു. മനേസറിൽ മാത്രമാണ് ബിജെപിക്ക് തോൽവി നേരിടേണ്ടി വന്നത്. അവിടെ സ്വതന്ത്ര സ്ഥാനാർത്ഥി ഇന്ദർജീത് യാദവ് ബിജെപിയുടെ സുന്ദർ ലാലിനെ പരാജയപ്പെടുത്തി. ഗുരുഗ്രാം പോലുള്ള നഗര പ്രദേശത്തെ ശക്തികേന്ദ്രങ്ങളിൽ ബിജെപി കരുത്ത് കാണിച്ചു.
അംബാലയിൽ ബിജെപിയുടെ ഷൈൽജ സച്ച്‌ദേവ മേയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ അമീഷ ചൗളയെ 20,487 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഗുരുഗ്രാം മേയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപിയുടെ രാജ് റാണിയാണ്. 1,79,485 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു. ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം ഫരീദാബാദിലാണ്. അവിടെ പ്രവീൺ ബത്ര ജോഷി 316,852 വോട്ടിൻ്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
സോണിപത്തിൽ കോൺഗ്രസിന്റെ കോമൾ ദിവാനെ മുതിർന്ന ബിജെപി നേതാവ് രാജീവ് ജെയിൻ പരാജയപ്പെടുത്തി. കർണാലിൽ, ബിജെപിയുടെ രേണു ബാല ഗുപ്ത കോൺഗ്രസിന്റെ മനോജ് വാധ്വയെയാണ് തോൽപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലെ പരാജയം കോൺഗ്രസിന് തിരിച്ചടിയായി. കോൺഗ്രസിന്റെ സൂരജ്മൽ കിലോയിയെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ രാം അവതാർ റോഹ്തക്ക് പിടിച്ചെടുത്തത്.
മാർച്ച് 2 ന് നടന്ന മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഐഎൻഎൽഡി, ആം ആദ്മി പാർട്ടി, ജെജെപി തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. ഈ പാർട്ടികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.
Content Highlights: BJP sweeps Haryana civic polls breaches Congress's Rohtak stronghold