
രാജ്കോട്ട്: വീണ്ടും വിവാഹം കഴിക്കണമെന്ന 80-കാരൻ്റെ ആഗ്രഹത്തിന് തടസം നിന്നതോടെ 52 വയസ്സുള്ള മകനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് സംഭവം. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായതായാണ് വിവരം.
ഭൂമി തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ 20 വർഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടർന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നും പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തു. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു.
രാവിലെ രാംഭായിക്ക് ചായ നൽകി അടുക്കളയിലേക്ക് പോകുമ്പോഴേക്കുമായിരുന്നു സംഭവമമെന്നും രണ്ടു തവണ വെടിയൊച്ച കേട്ടുവെന്നും പ്രതാപിന്റെ ഭാര്യ ജയ ബെൻ പൊലീസിന് മൊഴി നൽകി. ജയ ഓടിയെത്തിയപ്പോൾ അവരെയും ആക്രമിക്കാൻ ശ്രമിച്ചു.
രക്ഷപ്പെട്ടോടിയ അവർ മകൻ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ പ്രതാപ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു രാംഭായി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: Gujarat man 80 shoots son dead for objecting to his decision to remarry