
ബെംഗളൂരു: സ്വർണകടത്ത് കേസിൽ പിടിയിലായ രന്യ റാവു കുറ്റകൃത്യം നടത്തിയത് യൂട്യൂബിൽ വീഡിയോ കണ്ടെന്ന് വെളിപ്പെടുത്തൽ. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തൽ. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും യൂട്യൂബ് വീഡിയോകൾ കണ്ടാണ് സ്വർണം കടത്തുന്നത് എങ്ങനെയാണെന്ന് പഠിച്ചതെന്നും രന്യ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
തനിക്ക് പരിചയമില്ലാത്ത വിദേശ ഫോൺനമ്പറുകളിൽ നിന്ന് കോളുകൾ വന്നിരുന്നുവെന്നും കോളുകളിൽ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനമായാണ് താൻ പ്രവർത്തിച്ചതെന്നും രന്യ പറഞ്ഞു. മാർച്ച് 1 ന് തനിക്ക് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നിരുന്നുവെന്നും ദുബായ് എയർപോർട്ടിൻ്റെ ഗേറ്റ് എയിലേക്ക് തന്നോട് ചെന്ന് സ്വർണം വാങ്ങി ബെംഗ്ലൂരുവിൽ ഏൽപ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്നും രന്യ വെളിപ്പെടുത്തി. സ്വർണം ബാൻഡേജും കത്രികയും ഉപയോഗിച്ച് ശരീരത്തിലൊളുപ്പിക്കുകയായിരുന്നു എന്ന് രന്യ പറഞ്ഞു. എയർപോർട്ടിലെ റെസ്റ്റ് റൂമിലെത്തി ഇത്തരത്തിൽ ജീൻസിലും ഷൂവിലും സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു രന്യയുടെ പദ്ധതി, എന്നാൽ ഇത് പിടിക്കപ്പെടുകയായിരുന്നു.
ആഫ്രിക്കൻ അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്ന് രന്യ പറഞ്ഞു. എയർപോർട്ട് ടോൾ ഗേറ്റിന് സമീപമുള്ള സർവീസ് റോഡിലെത്തി സിഗ്നലിന് സമീപമുള്ള ഒരു ഓട്ടോയിൽ സ്വർണം ഇടാനായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഓട്ടോയുടെ നമ്പൾ തനിക്ക് ലഭിച്ചില്ലായെന്ന് രന്യ ചോദ്യം ചെയ്യലിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു. നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി രന്യ റാവുവിൻ്റെ വിവാഹ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളും ശേഖരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.വിവാഹത്തിൽ പങ്കെടുത്ത് വില കൂടിയ സമ്മാനം നൽകിയവരെയും സിബിഐ അന്വേഷിക്കും. സ്വർണക്കടത്ത് കേസിൽ കൂടുതൽ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് അന്വേഷണം നടത്തുന്നത്
രന്യ റാവുവിന് സഹായം നൽകിയ ബെംഗളൂരു വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ഓഫീസർമാർ കള്ളക്കടത്ത് ശൃംഖലയെ സഹായിക്കുന്ന തരത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള ഒത്തുകളികൾ ഉണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നെന്നും റിപ്പോർട്ടുണ്ട്.
ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 3 ന് അരക്കെട്ടിൽ ഒളിപ്പിച്ച നിലയിൽ രന്യ റാവുവിന്റെ ശരീരത്തിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തിയത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.
Content Highlights- 'I learned how to smuggle gold from YouTube'; This is how Ranya smuggled gold