
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരേയും ഡിജിപിക്കുമെതിരേയും നിർണായക വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെ പ്രോട്ടോക്കോൾ ഓഫീസറായ ബസവരാജാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രന്യ റാവുവിന് വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ സഹായം നൽകാൻ നടിയുടെ അച്ഛൻ കൂടിയായ ഡിജിപി കെ രാമചന്ദ്രറാവു ആവശ്യപ്പെട്ടുവെന്ന് ബസവരാജ് ആരോപിച്ചു.
നടിയുടെ സ്വർണക്കടത്തിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബസവരാജ് ഡിആർഐക്ക് മൊഴി നൽകിയതായാണ് റിപ്പോർട്ട്. രാമചന്ദ്ര റാവുവിന്റെ നിർദേശ പ്രകാരമാണ് രന്യക്ക് വേണ്ട സഹായങ്ങൾ വിമാനത്താവളത്തിൽ ഒരുക്കി നൽകിയിരുന്നത്. മുതിർന്ന ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന്റെ നിർദേശങ്ങൾ പിന്തുടരുക മാത്രമാണ് താൻ ചെയ്തതെന്നും ബാസവരാജ് മൊഴി നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡിജിപിയുടെ നിർദേശപ്രകാരം നടിയുടെ വരവും പോക്കും സുഗമമാക്കുക എന്നതാണ് തന്റെ ചുമതല. നടിയുടെ പക്കലിൽ നിന്നും സ്വർണം പിടികൂടിയ ദിവസം അവർ തന്നെ വിളിച്ചിരുന്നു. താൻ ദുബായിയിൽ നിന്ന് വരുന്നുണ്ടെന്നും പ്രോട്ടോക്കോൾ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാസവരാജ് പറഞ്ഞു.
ഏതാനും വർഷങ്ങളായി രന്യ റാവുവിനെ അറിയാം. മൂന്നോ നാലോ തവണ നടിക്ക് വേണ്ടി പ്രോട്ടോക്കോൾ സഹായം നൽകിയിരുന്നതായും ബസവരാജ് വ്യക്തമാക്കി. നടിയുമായി പ്രൊഫഷണൽ ബന്ധം മാത്രമാണുളളതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുന്നതുവരെ നടിക്കൊപ്പം ബസവരാജും ഉണ്ടായിരുന്നു. പിന്നാലെ ഡിആർഐ നടിയെ പിടികൂടി, ബസവരാജിന്റെ സാന്നിധ്യത്തിലാണ് ഡിആർഐ മഹസർ തയ്യാറാക്കിയത്. കേസുമായി ബന്ധപ്പെട്ട് മാർച്ച് നാലാം തീയതി ബസവരാജിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
മാർച്ച് മൂന്നാം തീയതിയാണ് 14.2 കിലോ സ്വർണവുമായി നടി രന്യ റാവുവിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. പിന്നാലെ നടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടു കോടിയോളം രൂപയുടെ സ്വർണവും രണ്ടു കോടി പണവും പിടിച്ചെടുത്തിരുന്നു. സ്വർണം പിടിച്ചതിനെ തുടർന്ന് കർണാടകയുടെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
Content Highlights: Ranya Rao Gold Smuggling Case Police Officer Statement Out Bengaluru