
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി രന്യ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി. സ്വര്‍ണക്കടത്തില്‍ രന്യക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഡിആര്‍ഐ കോടതിയെ അറിയിച്ചത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് രന്യയില്‍ നിന്ന് 12.56 കോടി മൂല്യം വരുന്ന സ്വര്‍ണം പിടികൂടിയെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചു. കേസിലെ രണ്ടാം പ്രതി തരുണ്‍ കൊണ്ടുരുവിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരിഗണിക്കും.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റവന്യൂ ഇന്റലിജന്‍സ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
രന്യ ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ റെയ്ഡ് നടത്തിയിരുന്നു. രന്യയുടെ വസതി, വിവാഹം നടന്ന ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. വിവാഹത്തില്‍ പങ്കെടുത്തവരെയും നടിക്ക് വില കൂടിയ വസ്തുക്കള്‍ സമ്മാനമായി നല്‍കിയവരേയും തിരിച്ചറിയുന്നതിനായി സിബിഐ വിവാഹ ദൃശ്യങ്ങളും അതിഥികളുടെ ലിസ്റ്റും വിശദമായി പരിശോധിച്ചുവരികയാണ്.
Content Highlights- Court rejects bail application of Kannada actor ranya rao on gold smuggling case