
ന്യൂഡൽഹി: ഇന്ത്യയെയും മറ്റ് നിരവധി രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള താരിഫ് യുദ്ധം ശക്തമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊള്ളയടിയുടെയും ചൂഷണത്തിന്റെയും സ്വഭാവം വീണ്ടും തെളിയിക്കുന്നുവെന്ന് അഖിലേന്ത്യാ കിസാൻ സഭ. അമേരിക്കൻ സാമ്രാജ്യത്വത്തിന് മുൻപിൽ നരേന്ദ്ര മോദി സർക്കാർ കീഴടങ്ങിയെന്നും എഐകെഎസ് കുറ്റപ്പെടുത്തി. രാജ്യത്തിൻ്റെയും കർഷകരുടേയും തൊഴിലാളികളുടെയും പ്രാദേശിക വ്യവസായങ്ങളുടേയും താൽപര്യങ്ങൾ മേദി സർക്കാർ ത്യജിക്കുകയാണെന്നും അഖിലേന്ത്യാ കിസാൻ സഭ ചൂണ്ടിക്കാണിച്ചു. എഐകെഎസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജു കൃഷ്ണനും പ്രസിഡൻ്റ് അശോക് ധാവ്ളെയും വാർത്താക്കുറിപ്പിലൂടെയാണ് അമേരിക്കൻ നിലപാടിനെ കുറ്റപ്പെടുത്തിയത്.
അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിലെ സാമ്പത്തിക കുമിള രൂപപ്പെടുന്നതിനൊപ്പം തന്നെ അമേരിക്കയുടെ സാമ്രാജ്യത്വ ആക്രമണ സ്വഭാവം ശക്തിപ്പെടുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും എഐകെഎസ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിലെ പ്രധാന സൂചികകളിലൊന്നായ നാസ്ഡാക്-100 കഴിഞ്ഞ മാസം 11% താഴ്ന്നതായി റിപ്പോർട്ടുകളുണ്ട്. S&P 500 എന്ന മറ്റൊരു പ്രധാന സൂചികയും ഇടിഞ്ഞിട്ടുണ്ട്. വോൾ സ്ട്രീറ്റ് സാമ്പത്തിക മാധ്യമങ്ങൾ പ്രതിപാദിക്കുന്ന രീതിയിലുള്ള 'അമേരിക്കൻ അസാധാരണത്വം' ഇപ്പോൾ കനത്ത വെല്ലുവിളി നേരിടുകയാണ്. അതുകൊണ്ടുതന്നെ രണ്ടാം ഊഴത്തിൽ ട്രംപ് ഭരണകൂടം ബഹുമുഖ വ്യാപാരത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ഉൾക്കൊള്ളുന്ന 90 ഓളം എക്‌സിക്യൂട്ടീവ് ഓർഡറുകൾ അതിവേഗത്തിൽ പുറത്തിറക്കിയതിൽ അതിശയിപ്പിക്കാനില്ലെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയതിന് പിന്നാലെ 2025 ജനുവരി 21ന് ഇന്ത്യൻ ഓഹരി വിപണി 3724 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വിദേശ കമ്പനികൾ ഇന്ത്യയിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെ കർഷികോൽപന്ന വിപണി അനാവശ്യമായി സംരക്ഷിക്കപ്പെടുന്നുവെന്നതാണ് രണ്ടാമത് അധികാരമേറ്റതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന പരാതി. കാർഷികോൽപ്പന്നങ്ങളുടെയും സംസ്കരിച്ച കാർഷിക ഭക്ഷ്യവസ്തുക്കളുടെയും ആഭ്യന്തര വിപണി അമേരിക്കൻ കമ്പനികൾക്ക് കുറഞ്ഞ താരിഫുകളോടെ തുറന്നുകൊടുക്കുന്നതുവരെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി നിർത്തലാക്കുന്നതിനായാണ് ഉയർന്ന താരിഫുകൾ ഈടാക്കുന്നതെന്നും വാർത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 48.15 ബില്യൺ അമേരിക്കൻ ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. അമേരിക്കയാണ് ഇതിൻ്റെ പ്രധാന ഉപഭോക്താക്കളിൽ ഒരാൾ. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങളിൽ അരി, സമുദ്രോൽപ്പന്നങ്ങൾ, മസാലകൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിൽ കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കേണ്ടി വരുന്ന പ്രധാന കാരണം കുറഞ്ഞ എല്ലാ വിളകൾക്കും ലഭ്യമല്ലാത്ത മിനിമം താങ്ങുവില നയവും, പല സംസ്ഥാനങ്ങളിലും കർഷിക തൊഴിലാളികൾക്ക് കുറഞ്ഞ പ്രതിഫലം ലഭിക്കുന്നതുമാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചു വച്ച്, ഇന്ത്യയുടെ 2023-24 സാമ്പത്തിക വർഷത്തിലെ യുഎസുമായുള്ള 45.6 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം തങ്ങൾ സഹിക്കില്ലെന്നാണ് ട്രംപ് ഭരണകൂടം പറയുന്നതെന്നും എഐകെഎസ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യൻ കാർഷിക മേഖലയിലെ കർഷകരുടെയും തൊഴിലാളികളുടെയും ആകെ എണ്ണം അമേരിക്കയിലെ ജനസംഖ്യയെക്കാൾ കൂടുതലാണ്. അതിനാലാണ് ഇന്ത്യയിലെ ശരാശരി താരിഫ് നിരക്ക് 12% എന്ന ഉയർന്ന നിരക്കിൽ നിലകൊള്ളുന്നത്. അതേസമയം അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് അതിലേറെ താഴ്ന്നതാണ്.
കാർഷിക മേഖലയിലെ അമേരിക്കൻ മുതലാളിത്ത കമ്പനികൾക്കും കച്ചവടക്കാർക്കും ഇന്ത്യയിലേക്ക് നിരുപാധികമായ പ്രവേശനം നൽകുന്നതിന് വേണ്ടി മോദി സർക്കാർ മൗനം പാലിക്കുന്നതിലൂടെ ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെ സാമ്രാജ്യത്വാനുകൂല വർഗ രാഷ്ട്രീയമാണ് വ്യക്തമാകുന്നതെന്നും എഐകെഎസ് കുറ്റപ്പെടുത്തി. ഇന്ത്യയിലെ കാർഷിക നയങ്ങൾ എന്തായിരിക്കണം എന്ന കാര്യത്തിൽ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലൂട്ട്നിക്കിന്റെ ഭീഷണിപ്പെടുത്തൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണ്. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപകമായ ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി (FTA) ഒപ്പുവയ്ക്കേണ്ടതുണ്ടെന്ന് എന്ന് ലൂട്ട്നിക് ആവശ്യപ്പെടുന്നത് അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ ഇതൊരു 'അസാധാരണ അവസരമാണ്' എന്ന നിലയിലാണെന്നും എഐകെഎസ് കുറ്റപ്പെടുത്തി.
ട്രംപ്–മോദി കൂടിക്കാഴ്ചയിൽ ഈ വർഷം അവസാനത്തോടെ ഒരു ധാരണാപത്രം തയ്യാറാക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ബ്രിക്സ് രാജ്യങ്ങളോടും അവരുടെ ഡീഡോളറൈസേഷൻ പ്രക്രിയയോടും അമേരിക്കൻ ഭരണകൂടത്തിനുള്ള ഭയവും ലൂട്ട്നിക്കിന്റെ പ്രസ്താവനകളിലൂടെ വ്യക്തമായിരിക്കുന്നു. റഷ്യൻ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത് ഇന്ത്യ നിർത്തിയാൽ മാത്രമേ അമേരിക്കയുടെ 'സ്നേഹവും ആദരവും' ലഭിക്കുകയുള്ളുവെന്ന ലൂട്ട്നിക്കിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും എഐകെഎസ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും ബാധിക്കുന്ന നിഗൂഡമായ സാമ്രാജ്യത്വ നീക്കത്തിനെതിരെ ശക്തമായി പോരാടുമെന്നും എഐകെഎസ് വ്യക്തമാക്കി. ഇന്ത്യയുടെ കാർഷിക നയങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറ വെയ്ക്കരുതെന്നും രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് അന്യായമായ കരാർ ഒപ്പിടരുതെന്നും എഐകെഎസ് മോദി സർക്കാരിനോട് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മോദി സർക്കാരിൻ്റെ ഏതൊരു കീഴടങ്ങലിനും ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നും അഖിലേന്ത്യാ കിസാൻ സഭ മുന്നറിയിപ്പ് നൽകി.
Content Highlights: AIKS Criticized Modi Regime's Unconditional Surrender to the Trump's Tariff War