
ന്യൂഡൽഹി: ബഹുധ്രുവ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗമെന്ന നിലയിൽ ചൈനയുമായി മികച്ച ബന്ധം സ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. ഇന്ത്യയും ചൈനയും സഖ്യകക്ഷികളാകേണ്ടതില്ലെങ്കിലും, പ്രതിരോധ വ്യാപാര കരാറുകളിലെ അമേരിക്കൻ സമ്മർദ്ദം അടക്കമുള്ള വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധം കൂടുതൽ വഴക്കം നൽകുമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
'ഒരു ബഹുധ്രുവ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ നേട്ടത്തിനും താൽപ്പര്യത്തിനും വേണ്ടി, സഖ്യകക്ഷികളാകാതെ തന്നെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. സന്തുലിതവും സാധാരണവുമായ രീതിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്' എന്നായിരുന്നു പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പ്രകാശ് കാരാട്ടിൻ്റെ പ്രതികരണം.
കിഴക്കൻ ലഡാക്കിലെ സമീപകാല സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളും കൈലാസ് മാനസസരോവർ സന്ദർശിക്കുന്ന തീർത്ഥാടകർക്കുള്ള വിസ അനുമതികൾ വർദ്ധിപ്പിച്ചതും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നതിൻ്റെ സൂചനകളായി കാരാട്ട് ചൂണ്ടിക്കാട്ടി. 'നമ്മൾ ഇപ്പോൾ ശരിയായ പാത സ്വീകരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മൾ സഖ്യകക്ഷികളാകേണ്ടതില്ല. പക്ഷേ നല്ല ബന്ധം നിലനിർത്തുകയാണെങ്കിൽ, വികസിച്ചുകൊണ്ടിരിക്കുന്ന വളരെ സങ്കീർണമായ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇടപെടാനും തന്ത്രങ്ങൾ മെനയാനുമുള്ള നമ്മുടെ ശേഷി വർദ്ധിക്കുകയും അത് നമുക്ക് ഗുണകരമാകുമെന്നും', പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
2008-ലെ ഇന്തോ-അമേരിക്കൻ ആണവ കരാറിനെതിരെ സിപിഐഎം സ്വീകരിച്ച ശക്തമായ സമീപനത്തെക്കുറിച്ചും കാരാട്ട് വിശദീകരണം നൽകി. വാഷിംഗ്ടണുമായി കൂടുതൽ ആഴത്തിലുള്ള തന്ത്രപരമായ സഖ്യത്തിന് ഈ നീക്കം വഴിയൊരുക്കിയെന്നും ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ ഇത് ഇന്ത്യയെ ഇപ്പോൾ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. 'ആളുകൾ ഇന്ത്യ-അമേരിക്ക ആണവ കരാറിനോടുള്ള ഞങ്ങളുടെ എതിർപ്പിനെ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രമേ കണ്ടുള്ളൂ. ഞങ്ങൾ അതിനെ വിശാലമായ ഒരു കാഴ്ചപ്പാടിൽ കണ്ടു. ഈ ആണവ കരാർ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നുവെന്നായിരുന്നു അമേരിക്ക പറഞ്ഞത്. പക്ഷേ നമ്മൾ ഏർപ്പെട്ട കരാർ ഒരു സൈനിക, പ്രതിരോധ കരാറായിരുന്നു, പത്ത് വർഷത്തെ സൈനിക ചട്ടക്കൂടുള്ള കരാർ' എന്നായിരുന്നു പ്രകാശ് കാരാട്ടിൻ്റെ പ്രതികരണം.
പ്രതിരോധത്തിനും ഊർജ്ജ ഇറക്കുമതിയ്ക്കും ഇന്ത്യ അമേരിക്കയെ ആശ്രയിക്കുന്നത് വർദ്ധിച്ചുവരുന്നതിനാൽ ഇന്ത്യയുടെ വിദേശനയത്തിൻ്റെ വഴക്കം പരിമിതപ്പെടുകയാണെന്നും കാരാട്ട് കുറ്റപ്പെടുത്തി. വാഷിംഗ്ടൺ ആയുധ വിൽപ്പന വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും സിപിഐഎം നേതാവ് ചൂണ്ടിക്കാണിച്ചു. 'നമ്മുടെ പ്രധാനമന്ത്രി വാഷിംഗ്ടണിലേക്ക് പോയപ്പോൾ, ട്രംപ് നമ്മളിൽ നിന്ന് നേടിയെടുത്ത രണ്ട് കാര്യങ്ങൾ എന്തൊക്കെയാണ്? ഒന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങുക എന്നതാണ്. അമേരിക്കയുടെ ആയുധ വ്യവസായം കുതിച്ചുയരണമെന്ന് അദ്ദേഹം (ട്രംപ്) ആഗ്രഹിക്കുന്നതിനാൽ അവർ നമുക്ക് ആയുധങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നു', എന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു. അമേരിക്കയിൽ നിന്ന് 10 ബില്യൺ ഡോളറിൻ്റെ എണ്ണയും വാതകവും വാങ്ങാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും പ്രകാശ് കാരാട്ട് വിമർശിച്ചു.
തന്ത്രപരമായ കുരുക്കുകളിൽ അകപ്പെടാതിരിക്കാൻ ഇന്ത്യ വിദേശനയ സമീപനത്തിൽ പുനർവിചിന്തനം നടത്തണമെന്നും സിപിഐഎം നേതാവ് ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം പുതിയ വെല്ലുവിളികൾ കൊണ്ടുവരുമെന്നും ചൈന ഉൾപ്പെടെ ഒന്നിലധികം ആഗോള ശക്തികളുമായി ബന്ധം സന്തുലിതമാക്കി കൂടുതൽ സ്വാതന്ത്ര്യം നിലനിർത്തുക എന്നതാണ് ഇന്ത്യയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ലകാര്യമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
'ട്രംപ് വരുന്നതോടെ അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുമെന്നാണ് എന്റെ അഭിപ്രായം. വളർന്നുവരുന്ന ബഹുധ്രുവ ലോകത്ത് തന്ത്രപരമായ മുൻതൂക്കം നിലനിർത്തുന്നതിന് നമ്മുടെ വിദേശനയവും തന്ത്രപരമായ സമീപനങ്ങളും പുനർവിചിന്തനം ചെയ്യണ'മെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
Content Highlights: Prakash Karat has called for better relations with China