
ന്യൂഡൽഹി: ശതകോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ രാജ്യാന്തര സാമ്പത്തിക കുറ്റവാളി അലക്സേജ് ബെസിക്കോവിനെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസമാണ് ഇൻ്റർപോൾ അന്വേഷണം വ്യാപിപ്പിച്ചിരുന്ന ലിത്വാനിയൻ പൗരനായ അലക്സേജ് ബെസിക്കോവിനെ വർക്കലയിൽവെച്ച് കേരള പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെ പ്രതിയെ സിബിഐക്ക് കൈമാറി. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
യു എസ് ഡിപ്പാർട്മെൻ്റ് ഓഫ് ജസ്റ്റിസ് അലക്സേജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ക്രിമിനൽ കേസുകളിലെ പ്രതികൾക്കും സൈബർ തട്ടിപ്പുകാർക്കും കള്ളപണം വെളുപ്പിക്കാൻ സഹായിച്ചതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.
അവധികാലം ആസ്വദിക്കാൻ കുടുംബത്തിനൊപ്പം വർക്കലയിൽ എത്തിയപ്പോഴാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്. ഇന്റർപോൾ, സിബിഐ, കേരള പൊലീസ് ഉൾപ്പടെ നടത്തിയ സംയുക്ത നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്.
Content Highlights- International financial criminal arrested by Kerala Police remanded in judicial custody