
ബെംഗളൂരു : സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛനും ഡിജിപിയുമായ കെ രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ട് കർണാടക സർക്കാർ. സ്വർണക്കടത്തിൽ കെ രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കാൻ കർണാടക സർക്കാർ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ ശുപാർശയെത്തുടർന്നാണ് നടപടി.
നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് രാമചന്ദ്ര റാവു. ഇദ്ദേഹത്തിന്റെ മകൾ എന്ന നിലയിലുള്ള പ്രോട്ടോക്കോൾ സൗകര്യം
രന്യ റാവു ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയെന്നാണ് രന്യ റാവുവിന്റെ വാദം. വിമാനത്താവളത്തിൽ സ്വർണ ബിസ്ക്കറ്റുമായി താൻ പിടിയിലായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഡൽഹിയിൽ നിന്നുള്ള ഒരു യാത്രക്കാരനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ തന്നെ കരുവാക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഒന്നും പറയാതെ ഉദ്യോഗസ്ഥർ തന്നെ പിടിച്ചു കൊണ്ടുപോയി. രണ്ടാനച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാൽപതോളം കടലാസുകളിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും രന്യ പറഞ്ഞു. ജയിലിൽ നിന്ന് റവന്യു ഇന്റലിജൻസ് മേധാവിക്ക് എഴുതിയ കത്തിലാണ് രന്യ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും രന്യ കത്തിൽ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും രന്യ റാവു പറഞ്ഞു. കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചുവെന്നും രന്യ പറയുന്നു. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ കഴിഞ്ഞ മാർച്ച് ആറാം തീയതി എഴുതിയ കത്താണ് അഭിഭാഷകൻ മുഖേന പ്രതി പുറത്തു വിട്ടത്. എന്നാൽ കത്തിൽ വിശദീകരിക്കുന്ന കാര്യങ്ങളൊന്നും നടി ജാമ്യാപേക്ഷയിൽ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
നടിക്ക് അന്താരാഷ്ട്ര സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന ഡിആർഐ വാദം അംഗീകരിച്ച് സാമ്പത്തിക കുറ്റ കൃത്യങ്ങളുടെ കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു .ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു.
content highlights : Karnataka government orders Ranya Rao's stepfather to go on compulsory leave