തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, സര്‍ക്കാർ ജീവനക്കാർക്ക് ശമ്പളം നൽകിയത് വായ്പയെടുത്ത്: രേവന്ത് റെഡ്ഡി

'ഡിഎയും ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍ അത് ഇപ്പോള്‍ വേണമെന്ന് പറയരുത്'

dot image

ഹൈദരാബാദ്: തെലങ്കാന കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയത് റിസര്‍വ് ബാങ്കില്‍ നിന്ന് 4,000 കോടി രൂപ വായ്പയെടുത്താണെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്ലാമാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നല്‍കി. വായ്പയെടുത്തതോടെയാണ് ഇത് സാധ്യമായത്. ഇത് തുടരണമെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇനിയും ലോണ്‍ എടുക്കേണ്ടിവരും. പണലഭ്യതയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ഉള്‍പ്പെടെയുള്ളവ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും രേവന്ത് റെഡ്ഡി അഭ്യര്‍ത്ഥിച്ചു. എല്ലാ കണക്കുകളും ജീവനക്കാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. എന്ത് നല്‍കണമെന്നും തടഞ്ഞുവെയ്ക്കണമെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഡിഎയും ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍ അത് ഇപ്പോള്‍ വേണമെന്ന് പറയരുതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാന സര്‍ക്കാര്‍ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് രേവന്ത് റെഡ്ഡി മുന്‍പ് പറഞ്ഞിരുന്നു. പ്രതിമാസം 18,500 കോടി രൂപ വരെ തെലങ്കാന സര്‍ക്കാര്‍ വരുമാനമുണ്ടാക്കുന്നുണ്ട്. ഇതില്‍ ശമ്പളവും പെന്‍ഷനും മാത്രമായി 6,500 കോടി നീക്കിവെയ്ക്കണം. ഇതിന് പുറമേ ബിആര്‍എസ് സര്‍ക്കാര്‍ ഉണ്ടാക്കിയ കടം വീട്ടാനും പലിശ നല്‍കാനുമായി 6500 കോടി മാറ്റിവെയ്ക്കണം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 5000 കോടി മാത്രമാണ് അവശേഷിക്കുന്നതെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു.

Content Highlights- cm revath reddy reaction on telangana financial crisis

dot image
To advertise here,contact us
dot image